📚 നിയമങ്ങൾ ചേർക്കാനും കാണാനും

നിയമം ചേർക്കുന്നതിനായി പാസ്സ്‌വേഡ് നൽകേണ്ടതാണ്. ഇത് വെബ്സൈറ്റ് സുരക്ഷയ്ക്കായും, അനാവശ്യമായ വിവരങ്ങൾ ചേർക്കുന്നത് ഒഴിവാക്കാനുമാണ്. പാസ്സ്‌വേഡ് ലഭിക്കാൻ ദയവായി 9446934794 എന്നതിൽ ബന്ധപ്പെടുക.

നിലവിലുള്ള നിയമങ്ങൾ

പാർക്കിംഗ് നിയമങ്ങൾ

3

മോ‍ട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ ക്ലോസ് 2 (J) പ്രകാരം, ചരക്കുകളോ യാത്രക്കാരെയോ കയറ്റുന്നതിനും ഇറക്കുന്നതിനും അല്ലാതെ 3 മിനിറ്റിൽ കൂടുതൽ വാഹനം നിശ്ചലാവസ്ഥയിൽ കിടത്തുന്നത് പാർക്കിംഗിന്റെ നിർവചനത്തിൽ വരുന്നു.
താഴെ പറയുന്ന സ്ഥലങ്ങളിൽ "നോ പാർക്കിംഗ്" ബോർഡ് ഇല്ലെങ്കിൽ പോലും വാഹനം പാർക്ക് ചെയ്യാൻ പാടില്ല:
ബസ് സ്റ്റാൻഡുകളിൽ ബസുകളല്ലാത്ത വാഹനങ്ങൾ.
റോഡിൽ വരച്ചിട്ടുള്ള മഞ്ഞ ബോക്സ് മാർക്കിംഗിലോ റോഡരികിലെ മഞ്ഞ വരയിലോ.
നോ സ്റ്റോപ്പിംഗ് / നോ പാർക്കിംഗ് സൈൻ ബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ.
പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററോ അതിൽ കൂടുതലോ ആയി നിശ്ചയിച്ചിട്ടുള്ള മെയിൻ റോഡിലോ റോഡിന്റെ മറ്റു ഭാഗങ്ങളിലോ.
ഫുട്പാത്ത് / സൈക്കിൾ ട്രാക്ക് / പെഡസ്ട്രിയൻ ക്രോസിംഗ് എന്നിവടങ്ങളിൽ.
ഒരു ഇന്റർസെക്ഷനിലോ ഇന്റർസെക്ഷന്റെ അരികിൽ നിന്ന് 50 മീറ്റർ മുമ്പോ ശേഷമോ.
ഒരു പാർക്കിംഗ് ഏരിയയിലേക്കുള്ള പ്രവേശന വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ.
തുരങ്കത്തിൽ / ബസ് ലൈനിൽ.
ഒരു വസ്തുവിന്റെ (Property) പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴിയിലും (സ്ഥാപനത്തിന്റെ വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ പാർക്ക് ചെയ്യരുത്).
പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിന് എതിരായി.
ഏതെങ്കിലും വാഹനത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിലോ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ.
പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമാന്തരമായി.
പാർക്കിംഗ് അനുവദിച്ചിട്ടുള്ള നിശ്ചിത സമയത്തിനു ശേഷം.
ഏതെങ്കിലും പ്രത്യേക തരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആ തരത്തിൽ അല്ലാത്ത വാഹനങ്ങൾ.
വികലാംഗർ ഓടിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് മറ്റ് വാഹനങ്ങൾ.
ഏതെങ്കിലും പ്രത്യേക രീതിയിൽ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അതിന് വിരുദ്ധമായ രീതിയിലോ കൂടുതൽ സ്ഥലം എടുക്കുന്ന രീതിയിലോ.
മോട്ടോർ വാഹന നിയമം സെക്ഷൻ 117 പ്രകാരം, മോട്ടോർ വാഹന വകുപ്പും പഞ്ചായത്തും കൂടിയാലോചിച്ചു തീരുമാനിക്കുന്ന സ്ഥലത്തായിരിക്കണം വാഹനങ്ങളുടെ പാർക്കിംഗ്. അല്ലാത്തതെല്ലാം അനധികൃത പാർക്കിംഗാണ്.
സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങൾ നടത്താൻ പഞ്ചായത്ത് ലൈസൻസ് ആവശ്യമാണ് (പഞ്ചായത്ത് രാജ് ലാൻഡിംഗ് പ്ലേസ് ആൻഡ് അദർ വെഹിക്കിൾസ് സ്റ്റാൻഡ്സ് ചട്ടങ്ങൾ 22, ആക്ടിന്റെ സെക്ഷൻ 228 പ്രകാരം).
അനധികൃത പാർക്കിംഗിൽപ്പെട്ട വാഹനത്തിന്റെ നമ്പർ സഹിതമുള്ള ഫോട്ടോ കേരള പോലീസിന്റെ റോഡ് സേഫ്റ്റി മാനേജ്മെന്റ് വാട്സ്ആപ്പ് നമ്പറിൽ (+91 97470 01099) അയച്ചാൽ നടപടിയുണ്ടാകും. പരാതിയിൽ തീയതി, സമയം, സ്ഥലം, പരാതിക്കാരന്റെ ഫോൺ നമ്പറും പേരും വ്യക്തമാക്കണം. പരാതിക്കാരന്റെ പേര് രഹസ്യമായിരിക്കും.
കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 227 പ്രകാരം, ഇത്തരം പാർക്കിംഗിനെതിരെ പഞ്ചായത്തിന് നടപടിയെടുക്കാം.
മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 138 പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് നടപടിയുമായി മുന്നോട്ട് പോകാം.
മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 117 പ്രകാരം നാഷണൽ ഹൈവേ അതോറിറ്റിക്കും നടപടിയെടുക്കാം.

വാഹനം സംബന്ധിച്ച നിയമങ്ങൾ

4

വാഹനം സർവീസിന് ഏൽപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ചെയ്യാൻ പോകുന്ന പണികൾ, ചാർജ് എന്നിവ വ്യക്തമായി മനസ്സിലാക്കി സർവീസ് റിക്വസ്റ്റിന്റെ കോപ്പിയിൽ രേഖപ്പെടുത്തി വാങ്ങണം.
റിപ്പയർ ചെയ്ത ഭാഗങ്ങൾ കാണിക്കാനും വിശദീകരിക്കാനും ആവശ്യപ്പെടണം.
റിപ്പയർ ബിൽ സൂക്ഷിക്കണം; ഒറിജിനൽ സ്പെയറുകൾക്ക് കുറഞ്ഞത് ആറുമാസം വാറണ്ടിയുണ്ട്.
പെയിന്റിംഗിലെ തകരാറ്, ട്രിമ്മിന്റെ ശബ്ദങ്ങൾ എന്നിവ സൗജന്യ സർവീസ് കാലയളവിൽ പരിഹരിച്ച് വാങ്ങണം.
സർവീസിന് കൊടുക്കുന്നതിനുമുമ്പ് വാഹനത്തിന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കണം.
സർവീസ് ബിൽ വിശദമായി പരിശോധിക്കണം; ഇനങ്ങളുടെ വില ക്വട്ടേഷനുമായി ഒത്തുപോകുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
വാഹനം സർവീസ് ചെയ്ത് കഴിഞ്ഞശേഷം ഓയിലിന്റെ നിറം പരിശോധിച്ച് അത് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വാഹനം തിരികെ ലഭിച്ചാലുടൻ ഓടിച്ച് നോക്കി പരാതികൾ ഉണ്ടെങ്കിൽ ഉടൻ സർവീസ് സെന്ററിനെ അറിയിക്കണം.
സർവീസ് ഫീഡ്ബാക്ക് കണ്ണടച്ച് ഒപ്പിട്ട് "Excellent service" എന്ന് മാർക്ക് ചെയ്യരുത്, കാരണം തർക്കമുണ്ടായാൽ ഇത് നിങ്ങൾക്ക് എതിരെയുള്ള തെളിവായി മാറും.
ബാറ്ററി, ടയർ തുടങ്ങിയവ കൊടുത്തത് തന്നെയാണോ കിട്ടിയതെന്ന് ശ്രദ്ധിക്കണം.
ഫുൾ ടാങ്ക് ഡീസൽ അടിച്ച് വാഹനം സർവീസിന് കൊടുക്കരുത്; സ്പീഡോമീറ്റർ റീഡിംഗ് എഴുതി വയ്ക്കണം.
വാഹനം സർവീസിന് കൊടുത്ത ശേഷം അപകടം ഉണ്ടാവുകയോ ഏതെങ്കിലും ഭാഗത്ത് ഡാമേജ് ഉണ്ടാവുകയോ ചെയ്താൽ ഉത്തരവാദി സർവീസ് സെന്റർ ആയിരിക്കും.
നിർമ്മാണ വൈകല്യത്തിന് (manufacturing defect) നിർമ്മാതാവ് (കമ്പനി) ആയിരിക്കും ഉത്തരവാദി.

വാറണ്ടി (കാർ)

5

കാർ വാറണ്ടി എന്നാൽ, ഒരു നിശ്ചിത വർഷത്തേക്ക് കാർ തകരാറുകളില്ലാത്തതായിരിക്കുമെന്നത് നിർമ്മാതാവിൽ നിന്ന് ലഭിക്കുന്ന ഉറപ്പാണ്.
വാറണ്ടി കാലയളവിനുള്ളിൽ തകരാർ സംഭവിച്ചാൽ അത് പരിഹരിക്കുകയോ പുതിയ പാർട്സ് മാറ്റി സ്ഥാപിക്കുകയോ ചെയ്യുമെന്ന് നിർമ്മാതാവ് ഉറപ്പ് നൽകുന്നു.
വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന എഞ്ചിൻ കേടുപാടുകൾക്ക് വാറണ്ടിയോ ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കാതിരിക്കാം. അതിനാൽ, വാറണ്ടി ലഭിക്കുമ്പോൾ ഏതൊക്കെ വിഭാഗത്തിനാണ് വാറണ്ടി ലഭിക്കുന്നതെന്നും ഏതൊക്കെ ഒഴിവാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തണം.
കാർ വാങ്ങിയതിന് ശേഷം 15 വർഷമെങ്കിലും സ്പെയർപാർട്സ് മാർക്കറ്റിൽ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഉൽപ്പാദകനുണ്ട്. ലഭ്യമല്ലെങ്കിൽ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാം.
നിർമ്മാണ വൈകല്യത്തിന് ഡീലർക്ക് നിയമപരമായ ബാധ്യതയുണ്ടാവില്ല, പകരം വാഹന ഉൽപ്പാദകനാണ്. ഡീലർ ഒരു ഏജന്റായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
എഞ്ചിൻ ഉണ്ടാക്കുന്ന അമിതമായ ശബ്ദം, ബാറ്ററിയുടെ പ്രവർത്തനത്തിലെ വൈകല്യം എന്നിവയൊക്കെ നിർമ്മാണ പോരായ്മകളല്ല.
വാഹനം വാങ്ങിയ നാൾ മുതൽ തുടർച്ചയായി സർവീസ് സെന്ററിൽ കയറി ഇറങ്ങുകയും കേടുപാടുകൾ പരിഹരിക്കാൻ ഡീലർക്ക് സാധിക്കാതിരിക്കുകയും ചെയ്താൽ അത് നിർമ്മാണ വൈകല്യമായി കണക്കാക്കപ്പെടും.
വാഹനം വാങ്ങി ആറു മാസത്തിനുള്ളിൽ എഞ്ചിനുണ്ടാകുന്ന മേജർ കമ്പ്ലൈന്റ് നിർമ്മാണ വൈകല്യമായി കണക്കാക്കപ്പെടും.

മൈലേജ് (കാർ)

6

വാഹനത്തിന്റെ മൈലേജ് പരസ്യം ചെയ്യുമ്പോൾ "mileage under standard conditions" എന്ന് സ്റ്റാർ അടയാളം കൊടുത്ത് കാണിച്ചിരിക്കും. എന്നാൽ എന്താണ് ഈ സ്റ്റാൻഡേർഡ് കണ്ടീഷൻസ് എന്ന് ഉപഭോക്താവിനെ അറിയിക്കാറില്ല. ഇത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണ്.
ARAI (Automatic Research Association of India) ആണ് വാഹനത്തിന്റെ മൈലേജ് നിശ്ചയിക്കുന്നത്. അനുകൂല സാഹചര്യങ്ങളിൽ വാഹനം ഡ്രൈവ് ചെയ്യുമ്പോൾ ലഭിക്കുന്ന മൈലേജാണ് പരസ്യം ചെയ്യുന്നത്.

വാഹന രജിസ്ട്രേഷൻ

7

വാഹനം വിൽക്കുന്ന ഡീലർക്കാണ് രജിസ്ട്രേഷന് വേണ്ടി RTA അധികാരികൾക്ക് പുതിയ വാഹനം കൈമാറുമ്പോൾ എൻജിൻ നമ്പർ, ചേസിസ് നമ്പർ, നിർമ്മാണം നടന്ന വർഷവും മാസവും എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തം. തെറ്റായ വിവരങ്ങൾ നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം കുറ്റകരമാണ്.
തെറ്റായ വിവരങ്ങൾ നൽകുന്ന ഡീലറുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ട്.

വാഹന വായ്പകൾ

8

Hire Purchase വഴി വാങ്ങിയ വാഹനത്തിന്റെ യഥാർത്ഥ ഉടമ എപ്പോഴും ഫിനാൻസ് കമ്പനി ആയിരിക്കും. ഉപഭോക്താവിന് ഒരു ട്രസ്റ്റി എന്ന നിലയിൽ ഉപയോഗിക്കാനുള്ള അധികാരം മാത്രമേയുള്ളൂ.
വായ്പ തവണകൾ മുടങ്ങിയാൽ വാഹനം കൈവശം എടുക്കാൻ ഫിനാൻസ് കമ്പനിക്ക് നിയമപരമായ അധികാരമുണ്ട്.
വായ്പയിൽ എടുത്തിരിക്കുന്ന ഒരു വാഹനം, വായ്പാ സ്ഥാപനത്തിന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്താൻ പാടില്ല (മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 52(5) അനുസരിച്ച്).
വാഹനത്തിൽ രൂപമാറ്റം നടത്തുന്നത് ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം, അല്ലാത്തപക്ഷം ഇൻഷുറൻസ് ക്ലെയിം ലഭിക്കുവാൻ തർക്ക സാധ്യതയുണ്ട്.
രജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാൻ പാടില്ല. അനുമതിയില്ലാതെ രൂപമാറ്റം നടത്തിയ വാഹനം ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുക്കാൻ അധികാരികൾക്ക് സാധിക്കും.
വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കാൻ അധികാരികളുടെ അനുമതി ആവശ്യമില്ല, എന്നാൽ റീ-രജിസ്ട്രേഷൻ സമയത്ത് ഒറിജിനൽ സീറ്റിംഗ് കപ്പാസിറ്റി കാണിക്കണം.

വാഹന ഇൻഷുറൻസ്

9

ഓൺലൈൻ വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കണം. പലപ്പോഴും ഇൻഷുറൻസ് കമ്പനികളുടെ യഥാർത്ഥ വെബ്സൈറ്റുകളിലേക്കല്ല ലിങ്കുകൾ പോകുന്നത്.
ക്ലെയിം വരുമ്പോൾ പലപ്പോഴും പോളിസിയിൽ നമ്മൾ കൊടുത്ത വിവരങ്ങൾ ആയിരിക്കില്ല ഉൾപ്പെടുത്തിയിരിക്കുന്നത്.
കൃത്രിമ പോളിസി ഡോക്യുമെന്റുകൾ നൽകുന്ന രീതിയും നിലവിലുണ്ട്. അപകടമുണ്ടായാൽ അത്തരമൊരു പോളിസി നിലവിലില്ലെന്ന് അറിയാൻ സാധ്യതയുണ്ട്.
പോളിസി ഡോക്യുമെന്റിൽ ഇൻഷുറൻസ് കമ്പനിയുടെ പേര്, വിലാസം, അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയവ നിർബന്ധമായും ഉണ്ടായിരിക്കണം.
പ്രീമിയം കുറയ്ക്കുന്നതിന് വേണ്ടി ഇൻഷുറൻസ് കമ്പനികൾ Insured Declared Value (IDV) കുറച്ചു വെക്കാറുണ്ട്. വാഹനം ടോട്ടൽ ലോസ് ആയാൽ ഉപഭോക്താവിന് കുറഞ്ഞ തുക മാത്രമേ ലഭിക്കൂ.
വാഹനം നന്നാക്കാൻ ആവശ്യമായ തുക IDVയുടെ 75% ൽ അധികമാണെങ്കിലോ ഇൻഷുറൻസ് കമ്പനിയുടെ ലയബിലിറ്റി IDV യെക്കാൾ കൂടുതലായാലോ വാഹനം ടോട്ടൽ ലോസ് ആയി കണക്കാക്കും. ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ 40% ലേറെ തകരാർ ഉണ്ടെങ്കിൽ തന്നെ ടോട്ടൽ ലോസ് വിഭാഗത്തിൽ പെടുത്താറുണ്ട്.
വാഹന അപകടം മൂലം മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നത് തേർഡ് പാർട്ടി ഇൻഷുറൻസ് വഴിയാണ്. അപകടം നടന്നതിന് ശേഷം ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം അറിയിക്കേണ്ട ഉത്തരവാദിത്തം വാഹന ഉടമയ്ക്കുണ്ട്.
പോളിസി ഹാജരാക്കിയിട്ടില്ലെങ്കിൽ കേരള മോട്ടോർ വെഹിക്കിൾ ചട്ടങ്ങളിലെ റൂൾ 391A പ്രകാരം കോടതി ആവശ്യപ്പെടുന്ന സംഖ്യ സെക്യൂരിറ്റിയായി അടച്ചാൽ മാത്രമേ വാഹനം ഉടമയ്ക്ക് തിരിച്ചു കിട്ടുകയുള്ളൂ.

(വാഹനം)പോലീസ് പരിശോധനയും രേഖകളും:

10

മോട്ടോർ വാഹന നിയമം സെക്ഷൻ 130 പ്രകാരം, യൂണിഫോം ധരിച്ച പോലീസ് ഓഫീസറോ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ രേഖകൾ ആവശ്യപ്പെട്ടാൽ ഡ്രൈവർ നൽകാൻ ബാധ്യസ്ഥനാണ്.
എം പരിവാഹൻ ആപ്പിലോ ഡിജിലോക്കർ ആപ്പിലോ വാഹനത്തിന്റെ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവ അധികാരികൾ സ്വീകരിക്കണം.
ആവശ്യപ്പെടുന്ന രേഖകൾ 15 ദിവസത്തിനുള്ളിൽ അറ്റസ്റ്റ് ചെയ്ത് നേരിട്ടോ രജിസ്റ്റർഡ് പോസ്റ്റ് മുഖേനയോ ഉദ്യോഗസ്ഥന് സമർപ്പിക്കാം.
അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം (സെക്ഷൻ 158(3)).

പുതിയ വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ:

11

വാഹനം വാങ്ങുമ്പോൾ നിർമ്മാതാവ് ISI സ്റ്റാൻഡേർഡ് ഉള്ള ഹെൽമറ്റ് സൗജന്യമായി നൽകണം.
നമ്പർ പ്ലേറ്റ്, റിയർവ്യൂ മിറർ, സാരി ഗാർഡ്, പിൻ സീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേക വില ഈടാക്കാതെ സൗജന്യമായി നൽകണം.
ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത ഡീലർമാർക്കെതിരെ രജിസ്റ്ററിംഗ് അതോറിറ്റിക്ക് പരാതി നൽകാം.
പുതിയ വാഹനത്തിന്റെ വിലയായി മുഴുവൻ തുകയും മുൻകൂറായി കൈപ്പറ്റുകയും, വാഹനം കൃത്യസമയത്ത് ഉപഭോക്താവിന് നൽകാതിരിക്കുകയും ചെയ്യുന്നത് ഉപഭോക്തൃ നിയമമനുസരിച്ച് Unfair Trade Practice ആണ്.

ആരോഗ്യ ഇൻഷുറൻസ്

12

പരിചയസമ്പന്നനായ ഏജന്റ് മുഖാന്തിരം മെഡിക്കൽ ഇൻഷുറൻസ് പോളിസി എടുക്കണം.
പോളിസി എടുക്കുന്ന കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ പരമാവധി ശേഖരിക്കണം.
ഇൻഷുറൻസ് പോളിസി എന്നത് നിങ്ങളും കമ്പനിയും തമ്മിലുള്ള കരാറാണ്.
പ്രൊപ്പോസൽ ഫോം ഒപ്പിട്ട് പൂർത്തീകരിച്ചതിന് ശേഷം അതിന്റെ ഒരു കോപ്പി സൂക്ഷിക്കണം. ഡോക്ടറെ കാണിക്കുമ്പോൾ ഈ ഫോം കാണിക്കുന്നത് ക്ലെയിം നിരാകരണം കുറയ്ക്കാൻ സഹായിക്കും.
പോളിസി ഹോൾഡർക്ക് മുൻപ് ഉണ്ടായിരുന്ന രോഗങ്ങളെക്കുറിച്ച് (pre-existing diseases) ഡോക്ടറോട് പറയുമ്പോൾ ശ്രദ്ധിക്കണം; ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്ന് പറയരുത്.
സാധാരണ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ശരീര വേദനകൾ, ജലദോഷം, തലവേദന, സന്ധിവാതം എന്നിവയെ മുൻകാല രോഗങ്ങളായി കണക്കാക്കാൻ കഴിയില്ല.
ഇൻഷുറൻസ് കമ്പനി പോളിസിക്ക് മുൻപ് വിശദമായ ആരോഗ്യ പരിശോധന നടത്തേണ്ടത് അവരുടെ ചുമതലയാണ്. രോഗം മറച്ചുവെച്ച് പോളിസി എടുത്തുവെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.
IRDAI യുടെ പുതിയ ഉത്തരവ് പ്രകാരം, പോളിസി എടുത്തതിന് ശേഷം 30 ദിവസത്തിനുള്ളിൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ പോളിസി റദ്ദാക്കാം, മുഴുവൻ പണവും തിരികെ ലഭിക്കും.
30 ദിവസം കഴിഞ്ഞാലും പോളിസി എപ്പോൾ വേണമെങ്കിലും റദ്ദാക്കാം, 7 ദിവസം മുൻപേ രേഖാമൂലം അറിയിച്ചാൽ ആനുപാതികമായ പ്രീമിയം തുക തിരികെ ലഭിക്കും.
കാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ ഒരു മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനി അംഗീകരിക്കണം.
ചികിത്സയ്ക്കിടെ രോഗി മരിച്ചാൽ ക്ലെയിം സെറ്റിൽമെന്റ് റിക്വസ്റ്റ് അടിയന്തരമായി പരിഗണിക്കണം.
ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ ചെയ്തയാൾക്ക് മെഡിക്കൽ റീഇംബേഴ്‌സ്മെൻ്റ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
മെഡിസെപ്പ് പദ്ധതിയിൽ ഇൻഷുറൻസ് ക്ലെയിം ലഭിച്ചില്ലെങ്കിൽ സർക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനം പ്രയോജനപ്പെടുത്താതെ തന്നെ ഉപഭോക്തൃ കോടതിയെ സമീപിക്കാം.
ഇൻഷുറൻസ് കമ്പനികൾ മുൻകൂർ കൂടിയാലോചന കൂടാതെ മുതിർന്ന പൗരന്മാരുടെ പ്രീമിയം പ്രതിവർഷം 10% ൽ കൂടുതൽ വർദ്ധിപ്പിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
വ്യക്തിപരമായ ഹെൽത്ത് ഇൻഷുറൻസ് പിൻവലിക്കണമെങ്കിൽ IRDA യുടെ മുൻകൂർ അനുമതി ആവശ്യമാണ്.
പോളിസി ഡോക്യുമെന്റിൽ ഏതെങ്കിലും കോളം ഒഴിച്ചിട്ടിട്ടുണ്ടെങ്കിൽ, പോളിസിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോളിസി ഹോൾഡറെ അറിയിച്ചിട്ടുണ്ടെന്നുള്ള സർട്ടിഫിക്കറ്റ് പ്രൊപ്പോസൽ ഫോമിന്റെ അവസാനം എഴുതിച്ചേർക്കണം.
മദ്യപാനവും സിഗരറ്റ് വലിയുമുള്ള വ്യക്തിയുടെ ഇൻഷുറൻസ് ക്ലെയിം കാൻസർ പോലുള്ള രോഗങ്ങൾക്ക് സാധാരണയായി നിഷേധിക്കില്ല, കാരണം രോഗം പുകവലി/മദ്യപാനം മൂലമാണെന്ന് വ്യക്തമായി തെളിയിക്കാൻ കമ്പനിക്ക് ബാധ്യതയുണ്ട്.
ആയുഷ് ചികിത്സയ്ക്ക് (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) ഇൻഷുറൻസ് ലഭിക്കുമോ എന്നത് പോളിസിയെ ആശ്രയിച്ചിരിക്കും.
ഇൻഷുറൻസ് കമ്പനിയുടെ സർവീസ് മോശമാണെങ്കിൽ പോർട്ടബിലിറ്റി വഴി മറ്റൊരു കമ്പനിയിലേക്ക് മാറാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. ഇങ്ങനെ മാറുമ്പോൾ Pre-existing disease-ന്റെ വെയ്റ്റിംഗ് പീരിയഡ്, നോ ക്ലെയിം ബോണസ് എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല.

നോമിനി:

13

നോമിനി എന്നത് ഒരാളുടെ മരണം സംഭവിച്ചാൽ ഒരു ആസ്തിയോ നിക്ഷേപമോ സ്വീകരിക്കാൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ്. നോമിനി നിയമപരമായ അവകാശിയോ ബന്ധുവോ ആകണമെന്നില്ല.
നോമിനിക്ക് പണം എടുത്ത് ഉപയോഗിക്കാനുള്ള അധികാരമില്ല. തുക ബാങ്കിൽ നിന്ന് സ്വീകരിച്ച് നിയമപരമായ അവകാശിക്ക് കൈമാറുക എന്നതാണ് നോമിനിയുടെ ചുമതല.
നോമിനി ഇത് വിസമ്മതിക്കുകയാണെങ്കിൽ, അവകാശികൾക്ക് വിൽപത്രത്തിന്റെ അടിസ്ഥാനത്തിലോ പിന്തുടർച്ചാവകാശ നിയമങ്ങളുടെ അടിസ്ഥാനത്തിലോ കോടതിയെ സമീപിക്കാം.
ഇൻഷുറൻസ് ആക്ട് സെക്ഷൻ 39 പ്രകാരം, പോളിസിയിൽ നോമിനിയായി കാണിച്ചിട്ടുള്ള വ്യക്തിക്കായിരിക്കും പോളിസി തുക ലഭിക്കുക. ഈ വ്യക്തി ഒരു ട്രസ്റ്റി എന്ന നിലയിൽ തുക കൈപ്പറ്റി അനന്തരാവകാശികൾക്ക് കൈമാറണം.

ജനന രജിസ്ട്രേഷൻ:

14

കുട്ടിയുടെ ജനന സമയത്ത് ജനന റിപ്പോർട്ടിൽ തന്നെ പേര് ഉൾപ്പെടുത്താം, ഇത് നിർബന്ധമല്ല.
രജിസ്ട്രേഷൻ തീയതി മുതൽ ഒരു വർഷം വരെ സൗജന്യമായി പേര് ചേർക്കാം; ഒരു വർഷം കഴിഞ്ഞാൽ അഞ്ച് രൂപ ഫീസ് നൽകണം.
2021 ജൂലൈ 14 ലെ ചട്ട ഭേദഗതി പ്രകാരം രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷം വരെ മാത്രമേ ജനന രജിസ്ട്രേഷനിൽ പേര് ചേർക്കാൻ സാധിക്കുകയുള്ളൂ.
സ്കൂളിൽ ചേർന്നതിന് ശേഷമാണ് പേര് ചേർക്കുന്നതെങ്കിൽ സ്കൂൾ രേഖയിലുള്ളത് പോലെയാണ് പേര് ചേർക്കാൻ സാധിക്കുക.
ജനന രജിസ്റ്ററിലെയും സ്കൂൾ രേഖയിലെയും ജനനത്തീയതികൾ തമ്മിൽ 10 മാസത്തിലധികം വ്യത്യാസമുണ്ടെങ്കിൽ, പഞ്ചായത്തുകളുടെ കാര്യത്തിൽ LSGD ഡെപ്യൂട്ടി ഡയറക്ടറുടെയും, നഗരസഭകളിൽ സെക്രട്ടറിയുടെയും അനുമതി വാങ്ങിയ ശേഷം പേര് ചേർക്കാൻ സാധിക്കൂ.
മാതാപിതാക്കളിൽ ഒരാൾക്കോ, പ്രായപൂർത്തിയായെങ്കിൽ കുട്ടിക്കോ പേര് ചേർക്കുന്നതിന് അപേക്ഷിക്കാം.
ജനന രജിസ്റ്ററിലും സ്കൂൾ രേഖയിലും വ്യത്യസ്തമായ പേരാണ് ചേർക്കേണ്ടതെങ്കിൽ ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റി സ്കൂൾ രേഖയിലും തിരുത്തൽ വരുത്തി പുതിയ പേരായി ഒറ്റത്തവണ തിരുത്തി നൽകാം.
സ്കൂൾ രേഖയിലും ജനന രജിസ്ട്രേഷനിലും ഇനിഷ്യൽ, സർനെയിം ഇവ ഇല്ലെങ്കിൽ അവ ചേർത്ത് ലഭിക്കും. ഇനിഷ്യലിന്റെ വികസിത രൂപമല്ല ഉള്ളതെങ്കിൽ expand ചെയ്തും ലഭിക്കും.
ഔദ്യോഗിക രേഖയിലെ പേരിനൊപ്പം വിളിക്കപ്പെടുന്ന മറ്റൊരു പേര് alias name ആയി ചേർത്ത് നൽകാം.

വസ്തു കൈമാറ്റം (ആധാരം):

15

ഒരു ആധാരത്തിൽ സംഭവിച്ച പിശക് തിരുത്തൽ ആധാരം രജിസ്റ്റർ ചെയ്താണ് തിരുത്തേണ്ടത്.
നിലവിലുണ്ടായിരുന്ന സർവ്വേ നമ്പർ, വിസ്തീർണ്ണം എന്നിവ ശരിയായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുകയും, പിന്നീട് റവന്യൂ ഉത്തരവ് മൂലമോ സർക്കാർ നടപടികൾ മൂലമോ സർവ്വേ നമ്പറിലും വിസ്തീർണ്ണത്തിലും മാറ്റമുണ്ടായാൽ, തെറ്റുതിരുത്തൽ ആധാരത്തിന് അധിക മുദ്രവില ഈടാക്കാൻ പാടില്ല.
ആധാരത്തിൽ വീട് നമ്പർ തിരുത്തുന്ന പ്രമാണം ഒരു തിരുത്തൽ മാത്രമാണ്, അതിന് സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കേണ്ടതില്ല, രജിസ്ട്രേഷൻ ഫീസ് മാത്രം മതി.
വസ്തു വിൽപ്പന നടത്തിയ വ്യക്തിയുടെ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയാൽ അത് വില്ലേജ് ഓഫീസറുടെ ഉത്തരവാദിത്തമല്ല, വസ്തു പോക്കുവരവ് ചെയ്ത് ഭൂനികുതി സർക്കാരിലേക്ക് വകവെച്ചെടുക്കുക എന്നതാണ് ഓഫീസറുടെ പ്രാഥമിക കർത്തവ്യം.
വസ്തു രജിസ്റ്റർ ചെയ്യുമ്പോൾ മുന്നാധാരം സബ് രജിസ്ട്രാറുടെ മുന്നിൽ ഹാജരാക്കേണ്ടത് നിർബന്ധമല്ല.
വസ്തുവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അറ്റാച്ച്മെന്റ് ജഡ്ജ്മെന്റിന് മുൻപ് നിലവിലുണ്ടെങ്കിൽ അത് വസ്തു രജിസ്ട്രേഷന് തടസ്സമില്ല. അക്കാര്യം ബുക്ക് നമ്പർ 1-ൽ എഴുതി ചേർക്കുക എന്നതാണ് രജിസ്ട്രാറുടെ പണി.
പട്ടയം നഷ്ടപ്പെട്ട കേസുകളിൽ ഭൂമിയുടെ നികുതി ചീട്ടും തണ്ടപ്പേർ രജിസ്റ്ററിന്റെ കോപ്പിയും വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളായി കണക്കാക്കിക്കൊണ്ട് രജിസ്ട്രേഷൻ നടത്താം.
വസ്തു കൈമാറ്റം ചെയ്യുന്നത് ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട്, ഇന്ത്യൻ കോൺട്രാക്ട് ആക്ട് എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്.
വസ്തു തീറു കൊടുത്തതിന് ശേഷം കരാർപ്രകാരമുള്ള പണം ബാക്കി നിൽപ്പുണ്ടെങ്കിൽ വസ്തുവിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാൻ സാധിക്കില്ല.

റീസർവേ നമ്പർ, ഭൂമി തരം:

16

സംസ്ഥാനം-ജില്ല-താലൂക്ക്-വില്ലേജ്-ബ്ളോക്ക്-റീസർവേ നമ്പർ-സബ് ഡിവിഷൻ നമ്പർ എന്നിങ്ങനെയാണ് ഭൂമി തരംതിരിക്കുന്നത്.
റവന്യൂ റെക്കോർഡുകൾ പ്രകാരം സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരിൽ ലഭിച്ചിട്ടുള്ള ഭൂമികളെ പേരിൽ പതിഞ്ഞ ഭൂമി, പതിവ് ഭൂമി, ജന്മം ഭൂമി, പട്ടയഭൂമി എന്നിങ്ങനെ അറിയപ്പെടുന്നു.
ജന്മം ഭൂമി എന്നാൽ ഒരു വ്യക്തിക്ക് ഭൂമിയിൽ തടസ്സങ്ങളില്ലാത്ത പൂർണ്ണമായ ഉടമസ്ഥതയെന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.
ഒരു വസ്തു പുരയിടം എന്ന് ആധാരത്തിൽ രേഖപ്പെടുത്തിയാലും, വില്ലേജ് അധികാരികൾ അത് റവന്യൂ റെക്കോർഡുകളിൽ നിലമാണെങ്കിൽ നിലമായി തന്നെ കണക്കാക്കാം.

വസ്തു കൈമാറുമ്പോൾ ശ്രദ്ധിക്കാൻ (മാതാപിതാക്കൾക്ക്):

17

വസ്തുവിന്റെ കൃത്യമായ വിസ്തീർണ്ണത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം.
അയൽവാസികൾ ആരെങ്കിലും വസ്തുവിൽ അതിക്രമിച്ച് കടന്നിട്ടുണ്ടെങ്കിൽ അത് മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ പരിഹരിക്കണം.
വസ്തുവിന് കൃത്യമായ അതിർത്തി ഉണ്ടായിരിക്കണം (മതിൽ കെട്ടുകയോ വേലി കെട്ടുകയോ ചെയ്യുക).
ലൈസൻസുള്ള ഒരു പ്രൈവറ്റ് സർവെയറെ കൊണ്ട് അളന്ന് തയ്യാറാക്കിയ സ്കെച്ച് കൈവശമുണ്ടായിരിക്കണം.
പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സ്ഥലത്തിന്റെ സ്കെച്ചും കൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നത് സുരക്ഷിതമാണ്.
നമ്മുടെ സ്ഥലത്തിന്റെ സ്കെച്ച് വില്ലേജ് ഓഫീസിലുള്ള റിക്കാർഡുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഭൂ ഉടമയുടെ കൈവശം ഉടമസ്ഥാവകാശ രേഖയുടെ ഒറിജിനൽ ഉണ്ടായിരിക്കണം; മുൻ ആധാരത്തിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയും, എല്ലാ വർഷവും ഭൂമിയുടെയും കെട്ടിടത്തിന്റെയും കരമടച്ച രസീതും സൂക്ഷിക്കണം.
ഭൂമിയുടെ തരവും, സർവ്വേ നമ്പരുകളും, ഉടമസ്ഥരുടെ പേരും, മേൽവിലാസവും, വഴി വിവരങ്ങളും പ്രമാണങ്ങളിലും റവന്യൂ റെക്കോർഡുകളിലും ശരിയായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
വസ്തുവിലേക്കുള്ള വഴി വിവരം നീളവും വീതിയും സഹിതം കൃത്യമായി രേഖകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന വസ്തുക്കൾ ഭൂമിയിലോ പരിസരത്തോ ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കണം.
വസ്തു ബാധ്യതരഹിതമായി അടുത്ത തലമുറയ്ക്ക് കൈമാറണം.

വിൽപത്രം (Will):

18

മരണശേഷം ഒരാളുടെ ആസ്തി-ബാധ്യതകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എഴുതിയ പ്രമാണമാണ് വിൽപത്രം.
വിൽപത്രമെഴുതുന്നത് നിയമപരമായ കുരുക്കുകൾ ഒഴിവാക്കാൻ സഹായിക്കും.
ബാങ്ക് ഡെപ്പോസിറ്റുകളിൽ നോമിനിയുണ്ടെങ്കിൽ പോലും വിൽപത്രമെഴുതുന്നത് ആവശ്യമാണ്, കാരണം നോമിനിക്ക് പണം എടുത്ത് ഉപയോഗിക്കാനുള്ള അധികാരമില്ല, നിയമപരമായ അവകാശികൾക്ക് കൈമാറാനുള്ള ചുമതല മാത്രമേയുള്ളൂ.
വിൽപത്രം എഴുതിക്കഴിഞ്ഞാലും ആസ്തിയിലും സമ്പാദ്യത്തിലും എഴുതിയ ആൾക്ക് ജീവിച്ചിരിക്കുന്നിടത്തോളം കാലം അവകാശങ്ങളുണ്ടായിരിക്കും. ഗുണഭോക്താവിന് ഉടൻ അധികാരമൊന്നും ലഭിക്കില്ല.
ഒരിക്കൽ എഴുതിയ വിൽപത്രം ഭേദഗതി വരുത്തുകയോ റദ്ദ് ചെയ്ത് പുതിയത് എഴുതുകയോ ചെയ്യാം. ഇത് എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാം.
വിൽപത്രം എഴുതാൻ മുദ്രപ്പത്രം നിർബന്ധമില്ല, വക്കീലിന്റെയോ ആധാരമെഴുത്തുകാരന്റെയോ ആവശ്യമില്ല, എങ്കിലും നിയമപരമായ സഹായം തേടുന്നത് നല്ലതാണ്.
വിൽപത്രം രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും നിയമപരമായി തുല്യ സാധുതയാണ്, എന്നാൽ രജിസ്റ്റർ ചെയ്ത പ്രമാണം ആധികാരികത തെളിയിക്കാൻ എളുപ്പമാണ്.
പ്രായപൂർത്തി ആവുകയും സ്വന്തമായി ആസ്തികൾ ഉണ്ടാവുകയും ചെയ്യുമ്പോൾ വിൽപത്രം എഴുതാം.
മൈനറുടെ പേരിലുള്ള സ്വത്ത് വിൽക്കുവാൻ ജില്ലാ കോടതിയുടെ മുൻകൂർ അനുമതി നിർബന്ധമല്ല. സ്വാഭാവിക രക്ഷിതാവ് എന്ന നിലയിൽ അമ്മയ്ക്ക് തന്നെ കുട്ടിക്കുവേണ്ടി ഒപ്പിട്ട് ആധാരം രജിസ്റ്റർ ചെയ്യാം.

ATM ഇടപാടുകൾ:

19

ATM ഇടപാട് പരാജയപ്പെട്ടാൽ, പരമാവധി T + 5 കലണ്ടർ ദിവസങ്ങൾക്കുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ റീ-ക്രെഡിറ്റ് ചെയ്യാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്.
ഇടപാടിന്റെ തീയതി മുതൽ 5 കലണ്ടർ ദിവസങ്ങൾക്കപ്പുറം തുക തിരികെ വന്നില്ലെങ്കിൽ കാലതാമസത്തിന് പ്രതിദിനം 100/- രൂപ വീതം ബാങ്ക് നൽകണം.
ഉപഭോക്താവ് വേറൊരു ക്ലെയിം ഉന്നയിക്കാതെ തന്നെ നഷ്ടപരിഹാരം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യണമെന്ന് RBI നിർദ്ദേശിച്ചിട്ടുണ്ട്.

ലോൺ റിക്കവറി ഏജന്റുമാർ:

20

ബാങ്കുകളും NBFC കളും അവരുടെ റിക്കവറി ഏജന്റുമാരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായിരിക്കും.
ഏജന്റുമാർ RBI പുറത്തിറക്കിയ FARE PRACTICE CODE-ലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ഏജന്റ് ഉപഭോക്താവിനെ വീട്ടിലോ ജോലി ചെയ്യുന്ന സ്ഥലത്തോ ആയിരിക്കണം സമീപിക്കേണ്ടത്, വഴിയിൽ പിടിച്ചു നിർത്തരുത്.
ഏജന്റ് ഐഡന്റിറ്റി കാർഡ് കാണിച്ചിരിക്കണം.
ഉപഭോക്താവിന്റെ സ്വകാര്യത മാനിക്കപ്പെടണം, ശബ്ദം ഉണ്ടാക്കി ആളെ കൂട്ടരുത്.
രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ മാത്രമേ സന്ദർശിക്കാൻ പാടുള്ളൂ.
ഫോണിൽ വിളിക്കുന്നത് ഒഴിവാക്കാനുള്ള അഭ്യർത്ഥനകൾ മാനിക്കപ്പെടണം.
കുടിശ്ശിക സംബന്ധിച്ച തർക്കങ്ങൾ പരസ്പര സ്വീകാര്യമായ രീതിയിൽ പരിഹരിക്കാൻ ഏജന്റ് സഹായിക്കണം, ഭീഷണിപ്പെടുത്തരുത്.
കുടിശ്ശിക പിരിവിനായി സ്ഥലം സന്ദർശിക്കുമ്പോൾ ഏജന്റ് മാന്യത പുലർത്തണം, മോശമായ പദങ്ങൾ ഉപയോഗിക്കരുത്.
മരണം പോലുള്ള സംഭവങ്ങൾ ഉണ്ടായ സമയത്ത് ഏജന്റ് ഭവനം സന്ദർശിക്കാൻ പാടില്ല.
നടപടിക്രമങ്ങളിൽ പരാതിയുണ്ടെങ്കിൽ ആദ്യം പോലീസിൽ രേഖാമൂലം പരാതിപ്പെടുക, തുടർന്ന് ഓംബുഡ്സ്മാനെയോ ഉപഭോക്തൃ കോടതിയെയോ സമീപിക്കാം.
സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ് ഉപഭോക്താവിന്റെ അവകാശമാണ്. ഫിനാൻസ് കമ്പനികൾ ഇത് നൽകിയില്ലെങ്കിൽ ഉപഭോക്തൃ കോടതിയെ സമീപിക്കാം.
കോടതിയുടെ ഉത്തരവില്ലാതെ, മസിൽ പവർ ഉപയോഗിച്ച് വാഹനം പിടിച്ചെടുക്കുന്നത് ചോദ്യം ചെയ്യാം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 300A പ്രകാരം ഒരു വ്യക്തിയെ ഉടമസ്ഥാവകാശത്തിൽ നിന്നും ഒഴിവാക്കണമെങ്കിൽ വ്യവസ്ഥാപിത നീതി നിയമ സംവിധാനത്തിലൂടെയായിരിക്കണം.

ബാങ്ക് ലോക്കറുകൾ

21

ബാങ്ക് ലോക്കറുകളുടെയും താക്കോലുകളുടെയും രജിസ്റ്റർ കൃത്യമായി സൂക്ഷിക്കണം.
ഉപഭോക്താവ് ലോക്കർ വാടകയ്ക്ക് എടുക്കുമ്പോൾ ഉണ്ടാക്കുന്ന കരാറിന്റെ ഒരു കോപ്പി നിർബന്ധമായും നൽകണം.
ലോക്കറുകൾ ഉപയോഗിക്കുന്ന സമയവും തീയതിയും കൃത്യമായി രേഖപ്പെടുത്തണം.
ഉപയോഗം കഴിഞ്ഞ ലോക്കറുകൾ കൃത്യമായി അടച്ചുപൂട്ടിയിട്ടുണ്ടോയെന്നും, ഇല്ലെങ്കിൽ അടച്ചുപൂട്ടി ഉടമയെ അറിയിക്കേണ്ട ഉത്തരവാദിത്തം ബാങ്കിനുണ്ട്.
ലോക്കറിന്റെ താക്കോലുകളുടെ പ്രവർത്തനക്ഷമത ബാങ്ക് ജീവനക്കാർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.
ഇലക്ട്രോണിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലോക്കറിന്റെ സുരക്ഷിതത്വം ബാങ്കിന്റെ ഉത്തരവാദിത്തമാണ്.
ബാങ്ക് ഉപഭോക്താക്കളുടെ Biometric data മൂന്നാം കക്ഷിയുമായി പങ്കുവെക്കുന്നത് IT Act, 2000 ന്റെ പരിധിയിൽ വരും.
ലോക്കർ പൊട്ടിച്ചു തുറക്കാനുള്ള ബാങ്ക് മാനേജരുടെ അധികാരം RBI മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം.
ബാങ്ക് സ്വമേധയാ ലോക്കർ തുറക്കുകയാണെങ്കിൽ ഉടമയെ രേഖാമൂലം അറിയിക്കുകയും മൂന്നാം കക്ഷിയുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും വേണം.
ദീർഘകാലം ലോക്കർ ഉപയോഗിക്കാതെ വരികയും ഉടമയെക്കുറിച്ച് വിവരം ലഭിക്കാതിരിക്കുകയും ചെയ്താൽ, ലോക്കറിന്റെ നിയമപരമായ അവകാശികളെ അറിയിക്കാൻ ബാങ്ക് ബാധ്യസ്ഥരാണ്.

ലോൺ പ്രീ-ക്ലോഷർ ചാർജ്:

22

Pre-Closure ചാർജ് കരാർ വ്യവസ്ഥകളിൽ എഴുതി ചേർക്കപ്പെട്ടില്ലെങ്കിൽ അത് കൊടുക്കാൻ ഉപഭോക്താവ് ബാധ്യസ്ഥനല്ല.
Floating Rate-ൽ എടുത്തിട്ടുള്ള ഭവനവായ്പ കാലാവധിക്ക് മുൻപ് തിരിച്ചടയ്ക്കുകയാണെങ്കിൽ യാതൊരുവിധ ചാർജുകളും ഉപഭോക്താവിൽ നിന്ന് വാങ്ങാൻ പാടില്ലെന്ന് RBI 2012, 2014, 2019 വർഷങ്ങളിൽ അറിയിച്ചിട്ടുണ്ട്

ജാമ്യക്കാർ (Loan Guarantor):

23

ഒരു നിശ്ചിത പരിധിക്ക് മുകളിൽ നൽകുന്ന വായ്പകൾക്ക് ബാങ്കുകൾക്ക് ഒരു ജാമ്യക്കാരനെ ആവശ്യപ്പെടാറുണ്ട്.
വായ്പ എടുത്ത വ്യക്തിക്ക് തിരിച്ചടവ് നടത്താൻ സാധിച്ചില്ലെങ്കിൽ, വായ്പ നൽകിയ സ്ഥാപനം ജാമ്യം നിന്ന വ്യക്തിയെയായിരിക്കും പിന്തുടരുക.
വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജാമ്യം നിന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ അത് നെഗറ്റീവായി ബാധിക്കും.
ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 141 പ്രകാരം, ബാങ്കിന്റെ നടപടികൾ നേരിടേണ്ടി വരുന്ന ജാമ്യക്കാരൻ, ബാങ്കുമായുള്ള ബാധ്യത തീർക്കുകയാണെങ്കിൽ, വായ്പ എടുത്ത ആൾക്കെതിരെ ബാങ്കിനുള്ള അവകാശങ്ങൾ ജാമ്യക്കാരനുണ്ടായിരിക്കും.

സഹകരണ ബാങ്കുകൾ/മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ

24

സഹകരണ ബാങ്കുകൾ നടത്തുന്ന വാഗ്ദാന ലംഘനങ്ങൾക്കെതിരെയും, അവരുടെ സേവനത്തിലെ അപര്യാപ്തതയ്ക്കെതിരെയും അംഗങ്ങൾക്ക് ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാം.
ഫിക്സഡ് ഡെപ്പോസിറ്റ് തുക തിരികെ നൽകാതിരിക്കുക, സേവിങ്സ് ബാങ്കിലെ പണത്തിന് പലിശ നൽകാതിരിക്കുക, സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ് നൽകാതിരിക്കുക എന്നിവ സേവനങ്ങളിലെ അപര്യാപ്തതയാണ്.
മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുന്നതാണ് എളുപ്പമാർഗ്ഗം, കാരണം മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് പ്രകാരമുള്ള ആർബിട്രേറ്റർ സംവിധാനം ബുദ്ധിമുട്ടാണ്.
സഹകരണ രജിസ്ട്രാർക്കോ ജോയിന്റ് രജിസ്ട്രാർക്കോ വിവരാവകാശ നിയമപ്രകാരം RTI അപേക്ഷ കൊടുത്താൽ, തനിക്ക് മേൽനോട്ട അധികാരവും ഭരണപരമായ നിയന്ത്രണവുമുള്ള സഹകരണ സംഘത്തിൽ നിന്ന് വിവരം ശേഖരിച്ച് 30 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ട ബാധ്യതയുണ്ട്.

NBFC-കൾ:

25

NBFC-കൾ വായ്പക്കാരന് മനസ്സിലാകുന്ന ഭാഷയിലോ പ്രാദേശിക ഭാഷയിലോ ലോൺ സാങ്ഷൻ ലെറ്റർ നൽകണം.
വായ്പയുടെ തുക, വാർഷിക പലിശ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ രേഖാമൂലം ഉപഭോക്താവിനെ അറിയിക്കണം.
തിരിച്ചടവ് വൈകിയതിന് ഈടാക്കുന്ന പിഴപ്പലിശയെക്കുറിച്ച് കൃത്യമായി സൂചിപ്പിക്കണം.
നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റം വരുത്തിയാൽ ഉപഭോക്താവിന് നിർബന്ധമായും നോട്ടീസ് നൽകിയിരിക്കണം.
വായ്പ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ ഉപഭോക്താവിനെ ബുദ്ധിമുട്ടിക്കരുത്. അസമയങ്ങളിൽ നിരന്തരം ശല്യപ്പെടുത്തുക, മസിൽ പവർ ഉപയോഗിക്കുക എന്നിവ ചട്ടലംഘനമാണ്.
ജീവനക്കാർ ഉപഭോക്താക്കളുമായി ഉചിതമായ രീതിയിൽ ഇടപെഴകാൻ പരിശീലനം നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വാഹന വായ്പകളിൽ, തിരിച്ചടവ് മുടങ്ങിയാൽ നിയമപ്രകാരം വാഹനം എങ്ങനെ തിരിച്ചു പിടിക്കുമെന്ന് വായ്പാ കരാറിൽ ഒരു ബിൽറ്റ്-ഇൻ റീ-പൊസഷൻ ക്ലോസ് ഉണ്ടായിരിക്കണം.

ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ:

26

സ്ഥാപനത്തിന്റെ പൂർണ്ണമായ പേരും, മേൽവിലാസവും, ബ്രാഞ്ചുകളുടെ വിവരങ്ങളും ഉണ്ടായിരിക്കണം.
കസ്റ്റമർ കെയർ സ്റ്റാഫ്/ഗ്രീവൻസ് ഓഫീസർ എന്നിവരുടെ ഇ-മെയിൽ, ലാൻഡ്‌ലൈൻ & മൊബൈൽ നമ്പറുകൾ ഉണ്ടായിരിക്കണം.
ഉപഭോക്താവിന്റെ പരാതി ലഭിച്ചാൽ 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് നമ്പർ കൊടുക്കുകയും ഒരു മാസത്തിനുള്ളിൽ പരാതി പരിഹരിക്കുകയും വേണം.
ഓർഡർ ക്യാൻസൽ ചെയ്താൽ ഉപഭോക്താവിന്റെ പക്കൽ നിന്ന് ക്യാൻസലേഷൻ ചാർജ് വാങ്ങാൻ പാടില്ല.
ഉൽപ്പന്നം വാങ്ങുവാനുള്ള ഉപഭോക്താവിന്റെ സമ്മതം ഓൺലൈനിൽ കൂടി നേരായ മാർഗത്തിലൂടെയായിരിക്കണം.
RBI അംഗീകരിച്ചിട്ടുള്ള Medium വഴിയായിരിക്കണം ഉൽപ്പന്നങ്ങളുടെ വില ഉപഭോക്താവിന്റെ കൈയിൽ നിന്ന് കൈപ്പറ്റേണ്ടത്.
FB/INSTAGRAM വഴി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അഡ്വാൻസ് പണം അയച്ചുകൊടുക്കാതിരിക്കുക.
ചില ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിന് ശേഷം അവരുടെ മേൽവിലാസം അടിക്കടി മാറ്റുന്നത് ഉപഭോക്തൃ പരാതികളിൽ കേസുകൾ അനന്തമായി നീളാൻ കാരണമാകുന്നു.

ഗ്യാസ് സിലിണ്ടർ:

27

ഡെലിവറി ചാർജ് പ്രത്യേകമായി കൊടുക്കേണ്ടതില്ല, അതുൾപ്പെടെയുള്ള തുകയാണ് എംആർപി.
സിലിണ്ടർ ഡെലിവറിക്കാർ അധിക പണം ആവശ്യപ്പെട്ടാൽ കൊടുക്കേണ്ടതില്ല, വിവരം ബന്ധപ്പെട്ട ഗ്യാസ് ഏജൻസിയെയോ കമ്പനിയെയോ അറിയിക്കാം.
സിലിണ്ടർ കൊണ്ടുവരുന്ന വാഹനത്തിൽ ഇലക്ട്രോണിക് ത്രാസ് ഉണ്ടായിരിക്കണം. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഈ ത്രാസിൽ ഗ്യാസ് സിലിണ്ടർ തൂക്കി കൃത്യമായ ഭാരം അറിയിക്കാൻ ഏജൻസി ബാധ്യസ്ഥനാണ്. തന്നില്ലെങ്കിൽ സിലിണ്ടർ തിരസ്കരിക്കാം.
തൂക്കക്കുറവ് കാണിച്ചുകൊണ്ട് ലീഗൽ മെട്രോളജിയിൽ പരാതി നൽകാം.
ഗ്യാസ് ഏജൻസിയുടെ പ്രവർത്തന സ്ഥലത്ത് ഉപഭോക്താക്കൾ കാണത്തക്ക രീതിയിൽ ഗ്യാസ് സിലിണ്ടറുകളുടെ സ്റ്റോക്ക് പ്രദർശിപ്പിച്ചിട്ടുണ്ടാവണം.
ഏജൻസിയിൽ നേരിട്ട് പോയി സിലിണ്ടർ എടുത്താൽ നിശ്ചിത തുക റിബേറ്റ് ആയി നൽകുവാൻ ഏജൻസി നിർബന്ധിതരാണ്.
പുതിയ കണക്ഷൻ എടുക്കാൻ വരുന്ന ഉപഭോക്താക്കളെ നിർബന്ധിച്ച് യാതൊരുവിധ വസ്തുക്കളും ഏജൻസികളിൽ നിന്ന് വാങ്ങിപ്പിക്കരുത്.

ഭക്ഷണ ശാലകൾ:

28

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ മെനു കാർഡ് ഉപഭോക്താവിന് നൽകണം.
പാക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന വില, Expiry date എന്നിവയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റിനെ അറിയിക്കണം.
ഭക്ഷണ പദാർത്ഥങ്ങളുടെ നിലവാരത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചുമാണ് പരാതിയെങ്കിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിനെയും പഞ്ചായത്തിനെയും അറിയിക്കുക.

മരുന്നുകൾ

29

ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ നഴ്സിനു രോഗിക്കോ രോഗിയുടെ പ്രതിനിധിക്കോ മരുന്ന് നൽകാം.
മരുന്ന് കഴിച്ചിട്ട് അസുഖം മാറിയില്ലെങ്കിൽ മരുന്ന് കമ്പനിയെയും മരുന്ന് കടയെയും എതിർകക്ഷിയാക്കി ഉപഭോക്തൃ കോടതിയെ സമീപിക്കാം. പർച്ചേസ് ബിൽ ഉണ്ടായിരിക്കണം, രോഗമുണ്ടായതിന് തെളിവും വേണം.

മെഡിക്കൽ രേഖകൾ

30

ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക് മരുന്നുകൾ വായിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണം.
മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണം.
രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം തന്നെ ഡിജിറ്റലായി മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണം.
ചികിത്സ രേഖകൾ ലഭിക്കുക എന്നത് രോഗിയുടെ അവകാശമാണ്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ (ബ്ലോഗർമാർ)

31

ഉടമയിൽ നിന്ന് പ്രതിഫലം കൈപ്പറ്റി ആകർഷകമായ പരസ്യവാചകങ്ങളും വാചക കസർത്തുകളും നൽകി സാധാരണക്കാരായ ആളുകളെ പ്രലോഭിപ്പിക്കുന്ന ബ്ലോഗർമാർക്കും ഇൻഫ്ലുവൻസർമാർക്കും എതിരെ ഉപഭോക്താക്കൾ കൺസ്യൂമർ കേസ് കൊടുത്താൽ നടപടിയുണ്ടാകും.
ഉപഭോക്താക്കൾക്ക് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ പ്രൊമോട്ട് ചെയ്യുന്ന വ്യക്തി അർഹമായ നഷ്ടപരിഹാരം നൽകേണ്ടിവരും.
ഭക്ഷ്യവിഷബാധ പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായാൽ ഹോട്ടലുകൾക്കെതിരെയും ബ്ലോഗർമാർക്കെതിരെയും നടപടിയുണ്ടാകാം. ഇത്തരം ഹോട്ടലുകളിൽ പോകുമ്പോൾ ഉപഭോക്താക്കൾ ബിൽ സൂക്ഷിക്കാൻ മറക്കരുത്.

കോൺട്രാക്ടർമാർ:

32

കോൺട്രാക്ടറുമായുള്ള എഗ്രിമെന്റ് രജിസ്റ്റർ ചെയ്യുന്നത് നല്ലതാണ്. പണി പൂർത്തീകരിക്കേണ്ട സമയം, കോൺട്രാക്ടർ നൽകേണ്ട നഷ്ടപരിഹാരം എന്നിവ വ്യവസ്ഥ ചെയ്യണം.
കരാറിന്റെ അടിസ്ഥാനത്തിലുള്ള പണം ബാങ്ക് വഴി മാത്രം നൽകണം.
സ്ഥിരമായ മേൽവിലാസമുള്ള കോൺട്രാക്ടർക്ക് മാത്രം പണി നൽകുക.
വീട് പണിതുയർത്താൻ പോകുന്ന സ്ഥലത്തിന്റെ വിവരങ്ങൾ, വിസ്തീർണ്ണം എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
കരാറിൽ ഉൾപ്പെടുത്തേണ്ട പണികളെക്കുറിച്ചും ഉപയോഗിക്കേണ്ട സാധനങ്ങളെക്കുറിച്ചും (ബ്രാൻഡ് ഉൾപ്പെടെ) വ്യക്തമായ വിവരണം തയ്യാറാക്കണം.
വീടുപണിക്ക് വേണ്ട നിയമപരമായ അനുമതിപത്രങ്ങളും ലൈസൻസും കോൺട്രാക്ടറാണ് വാങ്ങേണ്ടതെങ്കിൽ അത് വ്യക്തമാക്കണം.

പ്രൊവിഡന്റ് ഫണ്ട് (PF)

33

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിലെ അംഗങ്ങൾ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താക്കളാണ്.
PF സേവനങ്ങളിൽ അപര്യാപ്തതയുണ്ടായാൽ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കാം

അപ്പാർട്ട്മെന്റുകൾ:

34

പാർപ്പിടാവശ്യത്തിനുള്ള അപ്പാർട്ട്മെന്റുകൾ താമസത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിധേയമല്ല

ഓൺലൈൻ വ്യാപാരം: ഉപഭോക്തൃ പരാതികളും കോടതി വിധികളും

35

സുഹ്റിയാ ബ്യൂട്ടിക് എന്ന സ്ഥാപനത്തിൽ നിന്ന് കുർത്തയ്ക്കും ദുപ്പട്ടയ്ക്കും ഓർഡർ നൽകിയിട്ടും ഉൽപ്പന്നം ലഭിക്കാതെ കബളിപ്പിക്കപ്പെട്ട കേസിൽ, ഉപഭോക്തൃ കോടതി വാട്സാപ്പ് വഴി നോട്ടീസ് അയക്കാൻ അനുമതി നൽകി.
ഓൺലൈനിലൂടെ വാങ്ങിയ സാംസങ് ഗാലക്സി ഫോണിന് പകരം പഴയ ഫോൺ ലഭിച്ച കേസിൽ, ഫോണിന്റെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും സഹിതം 24,999 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവിനത്തിൽ 5000 രൂപയും നൽകാൻ ഉത്തരവിട്ടു.
ഓൺലൈനിൽ ഓർഡർ ചെയ്ത ചുരിദാർ അളവിലല്ലാത്തതിനാൽ തിരികെ നൽകാൻ ശ്രമിച്ചിട്ടും നിഷേധിച്ച കേസിൽ, ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി നടപടി സ്വീകരിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉപഭോക്താവിനെ കബളിപ്പിച്ചതിന് MyG Future എന്ന സ്ഥാപനത്തിന് 15,519/- രൂപ പിഴ ചുമത്തി.
പഴയതും കേടായതുമായ മൊബൈൽ ഫോൺ നൽകി കബളിപ്പിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്ത ഓൺലൈൻ വ്യാപാരിക്ക് (Laptopzone) 70,000 രൂപ പിഴ ചുമത്തി.
Reliance Smart Shop-ൽ "Buy 1 Get 1 Free" ഓഫർ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
സീൽ ചെയ്ത ഫ്രൂട്ട് മിക്സ് ഭക്ഷ്യ ഉൽപ്പന്നത്തിൽ ചത്ത പുഴുവിനെ കണ്ടെത്തിയ കേസിൽ, ഉൽപ്പന്ന വിലയായ 265.50 രൂപയും 20,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
ഓൺലൈൻ ബുക്കിംഗ് ആപ്ലിക്കേഷൻ വഴി മുൻകൂർ മുറികൾ ബുക്ക് ചെയ്തിട്ടും അത് നൽകാതെ കുടുംബത്തെ കഷ്ടപ്പെടുത്തിയ OYOക്ക് 1.10 ലക്ഷം രൂപ പിഴ ചുമത്തി.
Amazon-ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധിക വില ഈടാക്കിയതിന് ആമസോണിന് 15,000 രൂപ പിഴ ചുമത്തി.

യാത്രാ സേവനങ്ങൾ: ഉപഭോക്തൃ പരാതികളും കോടതി വിധികളും

36

ഈജിപ്ത്, ജോർദാൻ ടൂർ പാക്കേജിൽ ഇൻഷുറൻസ് കവറേജ് ഉൾപ്പെടുത്തിയിട്ടും COVID-19 ക്വാറന്റൈൻ കാരണം അധിക തുക ഈടാക്കിയ കേസിൽ, ടൂർ ഓപ്പറേറ്റർ 74,500/- രൂപ നൽകാൻ ഉത്തരവിട്ടു.
പാസ്‌പോർട്ടിന് ആറു മാസത്തെ കാലാവധി ഉണ്ടായിരിക്കെ സിംഗപ്പൂരിലേക്കുള്ള യാത്ര തടസ്സപ്പെടുത്തിയ Melindo Airlines-ന് ഏഴേകാൽ ലക്ഷം രൂപ പിഴ ചുമത്തി.
വിമാനം ഒരു മാസം മുമ്പേ റദ്ദാക്കിയിട്ടും ആ വിവരം യാത്രക്കാരെ അറിയിക്കാത്ത SpiceJet-നും MakeMyTrip-നും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
KSRTC AC ബസിന് പകരം പഴയ നോൺ എസി ബസ് നൽകി യാത്ര ദുരിതപൂർണ്ണമാക്കിയതിന് KSRTC എംഡിക്ക് 40,000/- രൂപ നഷ്ടപരിഹാരവും ടിക്കറ്റ് ചാർജും കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
വിനോദയാത്രാ സംഘത്തിലെ ഭൂരിഭാഗം യാത്രക്കാർക്കും ഭക്ഷ്യവിഷബാധയുണ്ടാകുകയും, വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ നൽകാതിരിക്കുകയും, സ്ഥലങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്ത ടൂർ ഓപ്പറേറ്റർക്ക് 75,000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
കൊച്ചിയിലെ വെള്ളപ്പൊക്കം മൂലം ടൂർ റദ്ദാക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്ത കേസിൽ ടൂർ ഏജൻസിക്ക് 1,61,200/- രൂപയും 30,000/- രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
ഡൽഹിയിൽ നിന്ന് ബംഗളുരുവിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് മാറ്റം സംബന്ധിച്ച വിവരങ്ങൾ യഥാസമയം അറിയിക്കാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയതിന് എയർലൈൻസിന് 20,000 രൂപ നഷ്ടപരിഹാരവും 6,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
പറവൂരിലെ ഒരു പാർസൽ സർവീസ് സ്ഥാപനം സാധനങ്ങൾ നഷ്ടപ്പെടുത്തിയ കേസിൽ 30,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
റെയിൽവേ പ്ലാറ്റ്ഫോമിൽ വച്ച് തെരുവുനായ ആക്രമണം നേരിട്ട യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. റെയിൽവേ കോമ്പൗണ്ടിൽ യാത്രക്കാർക്ക് സുരക്ഷയൊരുക്കേണ്ടത് റെയിൽവേയുടെ നിയമപരമായ ബാധ്യതയാണ്.

വാഹനം, ഉപകരണങ്ങൾ, ഉൽപ്പന്നങ്ങൾ: ഉപഭോക്തൃ പരാതികളും കോടതി വിധികളും

37

പുതിയതായി വാങ്ങിയ കാറിന്റെ എഞ്ചിനിൽ വെള്ളം കയറിയതിന് വാറണ്ടിയോ ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കാത്ത സംഭവം ചൂണ്ടിക്കാട്ടി.
വാറണ്ടി കാലയളവിനുള്ളിൽ തകരാറിലായ അഡിഡാസ് ഷൂസിന്റെ പരാതി കേൾക്കാൻ പോലും തയ്യാറാകാതെ ഓൺലൈനിൽ പരാതി നൽകാൻ ആവശ്യപ്പെട്ടതിന്, അഡിഡാസിന് 10,500/- രൂപ പിഴ ചുമത്തി.
ഓവൻ വാങ്ങി ഒരു വർഷത്തിന് ശേഷം ഇൻസ്റ്റാൾ ചെയ്യുകയും, പിന്നീട് കേടാവുകയും, റിപ്പയർ ചെയ്യാതിരിക്കുകയും ചെയ്തതിന് ഉൽപ്പന്ന നിർമ്മാതാവിനും ഡീലർക്കും 1.35 ലക്ഷം രൂപ പിഴ ചുമത്തി.
ടൊയോട്ട കാറിന് സ്പെയർ പാർട്സുകൾ ലഭ്യമല്ലാതിരുന്നതിന് നിർമ്മാതാവിനും ഡീലർക്കും എതിരെ കേസ് നിലനിർത്താൻ ഉത്തരവിട്ടു.
HP ലാപ്ടോപ്പ് വാങ്ങി ഒരു മാസത്തിനകം കീബോർഡ്, സ്ക്രീൻ എന്നിവ തകരാറിലായ കേസിൽ, പുതിയ ലാപ്ടോപ്പോ വിലയോ കിട്ടാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. മങ്ങിപ്പോകുന്ന ബില്ലുകൾ ഉപഭോക്താവിന്റെ അവകാശ സംരക്ഷണത്തിന് തടസ്സമാണെന്നും കോടതി നിരീക്ഷിച്ചു.
ക്രൂസർ ബൈക്കുകൾക്ക് തുടക്കം മുതലേ തകരാറുകളുണ്ടായിട്ടും റിപ്പയർ ചെയ്യാതിരിക്കുകയും സ്പെയർ പാർട്സ് ലഭ്യമല്ലാതാകുകയും ചെയ്തതിന് ബൈക്ക് നിർമ്മാതാവിനും ഡീലർക്കും 2.9 ലക്ഷം രൂപയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
വാങ്ങി നാല് ദിവസത്തിനകം പ്രവർത്തനരഹിതമായ എയർ കണ്ടീഷനർക്ക് സർവീസ് നിഷേധിച്ച കമ്പനി 75,000/- രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകിയതിന് ബർജർ പെയിന്റ്സിനും ഡീലർക്കും 78,860/- രൂപ പെയിന്റ് വിലയും 2,06,979/- രൂപ റീപെയിന്റ് ചെലവും അരലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
LG Velvet മൊബൈൽ ഫോണിന്റെ കോൾ സെൻസറിൽ വാറണ്ടി കാലയളവിനുള്ളിൽ തകരാറ് സംഭവിച്ചിട്ടും റിപ്പയർ ചെയ്യാൻ കാലതാമസം വരുത്തിയ MyG-ക്ക് 10,000/- രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
വാറണ്ടി കാലയളവിൽ ടിവി റിപ്പയർ ചെയ്ത് നൽകാത്തതിന് സാംസങ് ഇന്ത്യ ലിമിറ്റഡിന് 8,000/- രൂപ പിഴ ചുമത്തി.
സോഫ്റ്റ്‌വെയർ അപ്ഡേഷന് ശേഷം മൊബൈൽ ഫോൺ ഡിസ്പ്ലേയിൽ ലൈൻ പ്രത്യക്ഷപ്പെടുകയും ഡിസ്പ്ലേ അവ്യക്തമാവുകയും ചെയ്ത വൺപ്ലസ് കമ്പനിക്ക് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടു.
ഗുണനിലവാരമില്ലാത്തതും കാലഹരണപ്പെട്ടതുമായ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ച് നഷ്ടമുണ്ടാക്കിയതിന് 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
കടലാസ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള മെഷിൻ കേടായിട്ടും റിപ്പയർ ചെയ്യാതിരിക്കുകയും അസംസ്കൃത വസ്തുക്കൾ നൽകാതിരിക്കുകയും ചെയ്തതിന് 1.38 ലക്ഷം രൂപ മെഷിൻ വിലയും 20,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററിക്ക് ഒരു വർഷത്തെ വാറണ്ടിയുണ്ടായിട്ടും പഴയ ബാറ്ററി റിപ്പയർ ചെയ്ത് നൽകുകയും പിന്നീട് പുതിയ ബാറ്ററി വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിതനാക്കുകയും ചെയ്തതിന് 18,150/- രൂപയും 15,000/- രൂപയും നൽകാൻ ഉത്തരവിട്ടു.
ഐഫോണുകൾ ശരിയാക്കാൻ നൽകിയിട്ടും നൽകാതെ കാലതാമസം വരുത്തുകയും പിന്നീട് പണം തിരികെ നൽകാതിരിക്കുകയും ചെയ്ത സ്ഥാപനത്തിന് 13,700 രൂപ തിരികെ നൽകാനും 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
വാട്ടർ പ്യൂരിഫയറിന്റെ ഫിൽട്ടറുകൾ ജാമാവുമെന്ന വിവരം അറിയിക്കാതെ പുതിയ ഉൽപ്പന്നം വിറ്റ Eureka Forbes-ന് ഉൽപ്പന്നത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
വാട്ടർ പ്യൂരിഫയറിന്റെ വാർഷിക സർവീസ് കരാർ (AMC) പൂർണ്ണമായി പാലിക്കാതിരുന്നതിന് Eureka Forbes Ltd.-ന് 25,000/- രൂപയും 5,000/- രൂപയും നൽകാൻ ഉത്തരവിട്ടു.
കുട്ടിക്കായി വാങ്ങിയ റീചാർജ് ചെയ്യാവുന്ന ടോയ് കാർ പ്രവർത്തിക്കാതിരുന്ന കേസിൽ, ടോയ് കാർ റിപ്പയർ ചെയ്യുകയോ വില തിരികെ നൽകുകയോ ചെയ്യാനും 3,000/- രൂപ നഷ്ടപരിഹാരവും 1,000/- രൂപ കോടതിച്ചെലവും നൽകാനും ഉത്തരവിട്ടു.
ഒരു വർഷത്തെ വാറണ്ടിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചതിന് ശേഷം വെള്ളത്തിന് രൂക്ഷമായ ദുർഗന്ധവും മഞ്ഞ നിറവും വന്നതിനും, വെള്ളം കുടിക്കാൻ പറ്റാത്ത അത്ര മലിനമായതിനും സ്ഥാപനത്തിനെതിരെ നടപടിയെടുത്തു.
വിലകൂടിയ ടൈൽസ് വിരിച്ചതിന് ശേഷം നിറം മങ്ങിയതിന് ഡീലർക്ക് പിഴ ചുമത്തി. ടൈൽ വിരിക്കാൻ ഉപയോഗിക്കുന്ന സിമന്റിന്റെ നിലവാരക്കുറവ് ടൈലിന്റെ നിറം മങ്ങാൻ കാരണമാവുമെന്ന വിവരം മുൻകൂട്ടി അറിയിക്കാത്തത് സേവനത്തിലെ അപര്യാപ്തതയാണെന്ന് കോടതി നിരീക്ഷിച്ചു.

ആരോഗ്യ ഇൻഷുറൻസ്: ഉപഭോക്തൃ പരാതികളും കോടതി വിധികളും

38

ക്യാൻസർ ബാധിതനായ അജയകുമാർ കെ.കെ.യുടെ ഇൻഷുറൻസ് ക്ലെയിം, ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് ക്യാൻസർ ബാധിതനായിരുന്നു എന്ന കാരണം പറഞ്ഞ് നിരസിച്ചപ്പോൾ, 2 ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും സഹിതം 2,60,000 രൂപ നൽകാൻ ഉത്തരവിട്ടു.
കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ ക്ലെയിം നിരസിച്ച കേസിൽ, ഇൻഷുറൻസ് കമ്പനിക്ക് 57,720 രൂപ നൽകാൻ ഉത്തരവിട്ടു.
ഹൃദയ ശസ്ത്രക്രിയക്ക് ചെലവായ തുക ലഭിക്കുന്നതിന്, പോളിസി എടുക്കുന്നതിന് മുൻപേ രോഗമുണ്ടായിരുന്നുവെന്ന് പറഞ്ഞ് ക്ലെയിം നിരസിച്ച കേസിൽ, 3,07,849 രൂപയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
നാഷണൽ ഇൻഷുറൻസ് കമ്പനി കണ്ണിന്റെ ശസ്ത്രക്രിയക്ക് 2.26 ലക്ഷം രൂപ ചെലവായതിൽ 77063/- രൂപ മാത്രം നൽകിയതിന്, ബാക്കി തുകയായ 1,49,054/- രൂപയും 10,000/- രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
ഓൺലൈൻ തട്ടിപ്പിനിരയായി ബാങ്കിൽ നിന്ന് 23,500 രൂപ നഷ്ടപ്പെട്ട കേസിൽ, പരാതിക്കാരൻ സ്വമേധയാ പാസ്‌വേർഡ് നൽകിയതിനാൽ ബാങ്കിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ട് കോടതി പരാതി തള്ളി.
COVID ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സിച്ചതിന് ഇൻഷുറൻസ് കമ്പനി ക്യാഷ്‌ലെസ് സൗകര്യം നിഷേധിച്ച കേസിൽ, ചികിത്സാ ചെലവായ 62,292 രൂപയും 10,000/- രൂപയും നൽകാൻ ഉത്തരവിട്ടു.
നാസൽ പ്രശ്‌നങ്ങൾക്ക് നടത്തിയ ശസ്ത്രക്രിയയുടെ ക്ലെയിം, 1982-ൽ (രണ്ടു വയസ്സിൽ) ഉണ്ടായിരുന്ന മറ്റൊരു രോഗത്തിന്റെ പേരിൽ നിരസിച്ച കേസിൽ, 1,76,438/- രൂപയും 15,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
മെഡിക്ലെയിം തുക പൂർണ്ണമായും അനുവദിക്കാത്ത ഇൻഷുറൻസ് കമ്പനി 44,000/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
നിലവിലെ രോഗങ്ങളുമായി ബന്ധമില്ലാത്ത Pre-existing രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന കാരണത്താൽ ക്ലെയിം നിരസിച്ചത് നിയമവിരുദ്ധമാണെന്ന് നിരവധി കോടതി ഉത്തരവുകളുണ്ട്.
NBFC വഴി എടുത്ത ഇൻഷുറൻസ് പോളിസിയിൽ കഴുത്ത് വേദനയ്ക്ക് നടത്തിയ ചികിത്സയുടെ ക്ലെയിം നിരസിച്ചതിന് നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് 36,965/- രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് ക്ലെയിം തുകയുടെ ചെക്ക് പിടിച്ചുവച്ച ഇൻഷുറൻസ് കമ്പനിക്ക് 52500/- രൂപ നഷ്ടപരിഹാര തുകയും 75,000 രൂപയും 25,000 രൂപയും നൽകാൻ ഉത്തരവിട്ടു.
രക്തസമ്മർദ്ദത്തെക്കുറിച്ച് അപേക്ഷയിൽ സൂചിപ്പിച്ചതിന് ശേഷം ഓസ്‌ട്രേലിയയിൽ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയപ്പോൾ ക്ലെയിം നിരസിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.
ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ ചെയ്തയാൾക്ക് മെഡിക്കൽ റീഇംബേഴ്‌സ്മെൻ്റ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഉപഭോക്തൃ പരാതികളും കോടതി വിധികളും

39

IIT, NIT പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയെ തെറ്റിദ്ധരിപ്പിച്ച് നിലവാരമില്ലാത്ത കോഴ്സ് നൽകിയ സ്ഥാപനം ഫീസായി വാങ്ങിയ തുകയായ 3,66,870/- രൂപയും ഒരു ലക്ഷം നഷ്ടപരിഹാരവും 15,000/- രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
വിദേശപഠനവും ജോലിയും ലഭിക്കുമെന്ന വാഗ്ദാനം പാലിക്കാതെ ഫീസ് വാങ്ങിയ വിദ്യാഭ്യാസ കൺസൾട്ടൻസിക്ക് 1.24 ലക്ഷം രൂപ പിഴ ചുമത്തി.
മൂന്ന് ട്രയൽ ക്ലാസുകളിൽ വിദ്യാർത്ഥി തൃപ്തനായില്ലെങ്കിൽ മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടും പാലിക്കാത്ത Byju's Learning App-ന് ഫീസായി നൽകിയ പതിനാറായിരം രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
പഠനത്തിനുശേഷം അതേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യണമെന്ന ബോണ്ട്, ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 23 പ്രകാരം പൊതു നയത്തിന് വിരുദ്ധമായി കണക്കാക്കപ്പെടുന്നതിനാൽ അസാധുവാണ്.
ഒരു പ്രത്യേക കോഴ്സ് പഠിച്ചാൽ ജോലി ഉറപ്പാണെന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും വിദ്യാർത്ഥികൾക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം.

മറ്റുള്ള സേവനങ്ങൾ: ഉപഭോക്തൃ പരാതികളും കോടതി വിധികളും

40

RBL ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഹിഡൻ ചാർജുകൾ, സിബിൽ സ്കോർ കുറച്ചത് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ, 1 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
മാട്രിമോണി സേവനം കൃത്യമായി നൽകാതിരിക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്ത കേസിൽ, വിവാഹ ബ്യൂറോക്ക് 2000 രൂപ ഫീസും 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
ഒരു ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റിന് പകരം ഇൻഷുറൻസ് പോളിസി നൽകുകയും, യാതൊരു അധികാരവുമില്ലാതെ രണ്ടാം വർഷത്തേക്കുള്ള പ്രീമിയം തുക ബാങ്കിൽ നിന്ന് എടുക്കുകയും ചെയ്ത റിലയൻസ് നിപ്പൻ ഇൻഷുറൻസ് കമ്പനിക്ക് 3 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു.
സീൽ പൊട്ടിക്കാതെ ഷെഡ്ഡിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിനും ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടായ കേസിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷനോട് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 50,000 രൂപയും 10,000 രൂപയും നൽകാൻ ഉത്തരവിട്ടു.
മീൻകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ അഡ്വാൻസ് വാങ്ങിയിട്ടും എത്തിക്കാത്തതുമൂലം മീൻ വളർത്തൽ കൃഷി ഉപേക്ഷിക്കേണ്ടി വന്ന കേസിൽ, 10,000/- രൂപ നഷ്ടപരിഹാരവും 1000 രൂപ അഡ്വാൻസ് തിരികെ നൽകാനും 5000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
ബാങ്കിലെ റിക്കവറി ഏജന്റുമാർ ലോണിന്റെ പേരിൽ ബുദ്ധിമുട്ടിച്ചാൽ ഉപഭോക്തൃ കോടതിയിലോ ബാങ്കിംഗ് ഓംബുഡ്സ്മാനോ പരാതി നൽകാം.
ചെക്ക് പ്രോസസ്സ് ചെയ്യേണ്ടത് ബാങ്കിന്റെ സാധാരണ പ്രവർത്തന സമയത്തിലായിരിക്കണം. അസമയത്ത് ചെക്ക് പ്രസന്റ് ചെയ്ത് പെനാൽറ്റി ഈടാക്കിയതിന് ആക്സിസ് ബാങ്കിന് 400 രൂപ തിരികെ നൽകാനും 25,000/- രൂപ നഷ്ടപരിഹാരവും 10,000/- രൂപ കോടതിച്ചെലവും നൽകാനും ഉത്തരവിട്ടു.
ബാങ്കിൽ വായ്പയ്ക്കായി ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയതിന് ഫെഡറൽ ബാങ്കിന് 8 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.
പൊതുസ്ഥലത്ത് ഓട്ടോറിക്ഷകൾക്ക് സ്റ്റാൻഡിന്റെ അവകാശം ഉന്നയിക്കാൻ നിയമം അനുവദിക്കുന്നില്ല.
ഐ.വി.എഫ് ചികിത്സ 100% വിജയമായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത് വൻ തുക കൈപ്പറ്റി കബളിപ്പിച്ച കേസിൽ, 2.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
സഹോദരിയുടെ കല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോൾ കളർ പോവുകയും പരാതി പരിഹരിക്കാതിരിക്കുകയും ചെയ്തതിന് 16,500 രൂപയും 20,000/- രൂപയും നൽകാൻ ഉത്തരവിട്ടു.
സഹകരണ സൊസൈറ്റികൾക്കും മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾക്കും എതിരെ വാഗ്ദാന ലംഘനങ്ങൾ, സേവനത്തിലെ അപര്യാപ്തത എന്നിവയ്ക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം.
പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വ്യാമോഹിപ്പിച്ച് കബളിപ്പിച്ച പ്രസ്ഥാനങ്ങൾക്കെതിരെ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാം.
ഫിക്സഡ് ഡെപ്പോസിറ്റ് സ്വീകരിച്ചതിന് ശേഷം സ്ഥാപനം അടച്ചുപൂട്ടുകയും നിക്ഷേപത്തുക നൽകാതിരിക്കുകയും ചെയ്ത പോപ്പുലർ ഫിനാൻസിന് 16,59,000/- രൂപയും 1 ലക്ഷം രൂപ നഷ്ടപരിഹാരവും 20,000/- രൂപ കോടതിച്ചെലവും നൽകാൻ ഉത്തരവിട്ടു.

പൊതുമരാമത്ത്: ഉത്തരവാദിത്തങ്ങൾ

41

പൊതുമരാമത്ത് പണികൾ നടക്കുമ്പോൾ, പ്രവർത്തിയുടെ പേര്, എസ്റ്റിമേറ്റ് തുകയും കാലാവധിയും, കരാറുകാരന്റെ പേരും ഫോൺ നമ്പറും, പണി തുടങ്ങിയതും പൂർത്തിയാക്കേണ്ട തീയതിയും, സാധനസാമഗ്രികളുടെ വിവരണം, അളവുകൾ, വില, ഉറവിടം, കരാറുകാരന് അനുവദിച്ച ടെണ്ടർ നിരക്ക്, ഗുണഭോക്തൃ സമിതിയുടെ വിവരങ്ങൾ എന്നിവയടങ്ങിയ നോട്ടീസ് ബോർഡ് പ്രവർത്തി നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.
പണി പൂർത്തീകരിച്ച ശേഷവും വിവരങ്ങൾ കാണിച്ചുകൊണ്ടുള്ള ബോർഡ് വയ്ക്കണം.
എസ്റ്റിമേറ്റിന്റെ കോപ്പി ഫീസടച്ച് പഞ്ചായത്തിൽ നിന്ന് കൈപ്പറ്റാം.
ടെൻഡർ നോട്ടീസ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിലും സർക്കാർ ഓഫീസുകളിലും പ്രസിദ്ധീകരിക്കണം.
വേണ്ട പ്രചാരം നൽകാതെ സ്ഥിരം കരാറുകാരിൽ നിന്നും ഓഫർ സ്വീകരിച്ച് പ്രവർത്തി ഏൽപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്.
പഞ്ചായത്തിലെ ഏതൊരു വോട്ടർക്കും പ്രവർത്തികൾ നിയമപരമായി പരിശോധിക്കാനുള്ള അധികാരം ഉണ്ട്.
റോഡ് നിർമ്മാണ/സംരക്ഷണ പ്രവർത്തികൾ ചെയ്യുന്നതിനുമുമ്പ് ആ വിവരം ഗ്രാമസഭ/വാർഡ് സഭയിൽ ചർച്ച ചെയ്യുകയും മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും വേണം.
പൂർത്തിയായ നിർമ്മാണ പ്രവർത്തികളുടെ നിലവാരം ഉറപ്പുവരുത്താതെയും കൃത്യമായ അളവ് മെഷർമെന്റ് ബുക്കിൽ രേഖപ്പെടുത്താതെയും പഞ്ചായത്ത് പണി നടത്തിയ കോൺട്രാക്ടർക്ക് പണം നൽകുവാൻ പാടില്ല.
ഗുണനിലവാരത്തിൽ കുറവ് വന്നാൽ ഉത്തരവാദിത്തം ബന്ധപ്പെട്ട എഞ്ചിനീയർക്കായിരിക്കും.

വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ

42

അനധികൃതമായി പുറത്തുള്ള ആളുകളെ വില്ലേജ് ഓഫീസിൽ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് സർക്കാർ ഉത്തരവുണ്ട്.
ഏതെങ്കിലും വില്ലേജ് ഓഫീസുകളിൽ സർക്കാർ ജീവനക്കാരല്ലാത്ത വ്യക്തികളുടെ സേവനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് കളക്ടർ, റവന്യൂ സെക്രട്ടറി മുതലായ മേലധികാരികളെ അറിയിക്കേണ്ട ഉത്തരവാദിത്വം പൊതുജനങ്ങൾക്കുണ്ട്.
ബാധ്യതയോ പണയമോ ഉള്ള ഭൂമിയുടെ നികുതി സ്വീകരിക്കുന്നതിൽ ബാധ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടാൻ പാടില്ല.
റവന്യൂ റിക്കവറി നടപടികൾ നിലവിലുണ്ടെന്ന കാരണത്താൽ ഭൂനികുതി സ്വീകരിക്കാത്തതും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാത്തതും നിയമവിരുദ്ധമാണ്.
വനവുമായി അതിർത്തി പങ്കിടുന്ന ഭൂമിയുടെ നികുതി സ്വീകരിക്കുന്നതിനും കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനും ഫോറസ്റ്റ് NOC ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്.
കോടതി ജപ്തി, അറ്റാച്ച്മെന്റ് എന്നിവ നികുതി സ്വീകരിക്കുന്നതിന് തടസ്സമല്ല.
വസ്തുവിന്റെ വ്യവഹാരം കോടതിയിൽ നടക്കുന്നുണ്ടെന്ന കാരണത്താൽ പോക്കുവരവ് നിരസിക്കാൻ പാടില്ല.
ഭൂമിയുടെ അടിസ്ഥാന വിവരങ്ങൾ (തരം, വിസ്തീർണ്ണം, ഭൂ ഉടമയുടെ പേര്, തണ്ടപ്പേർ നമ്പർ) ഉൾക്കൊള്ളുന്നതാണ് അടിസ്ഥാന ഭൂനികുതി രജിസ്റ്റർ.

ജല അതോറിറ്റി: ഉത്തരവാദിത്തങ്ങൾ

43

മുതിർന്ന പൗരന്റെ വാട്ടർ കണക്ഷൻ വിച്ഛേദിക്കുകയും അമിതമായ ബില്ല് നൽകുകയും ചെയ്ത വാട്ടർ അതോറിറ്റിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയുമാണ്.
പരാതിക്കാരനെ കേൾക്കാതെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച വാട്ടർ അതോറിറ്റിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയാണ്.
കുടിവെള്ള വിതരണ വാൽവിൽ ചോർച്ച കാരണം ഉണ്ടായ അധിക ബില്ല് റദ്ദാക്കാനും പിഴ നൽകാനും കോടതി ഉത്തരവിട്ടു. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം പാഴായ വെള്ളത്തിൽ അവരാണ് ഉത്തരവാദികൾ.

മറ്റുള്ള തദ്ദേശ സ്ഥാപന വിഷയങ്ങൾ

44

അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പരാതികൾ ലഭിക്കുകയാണെങ്കിൽ അക്ഷയ ഡയറക്ടർ തലത്തിലും സർക്കാർ തലത്തിലും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.
അക്ഷയ കേന്ദ്രങ്ങളിൽ സേവന നിരക്കുകൾ പൊതുജനങ്ങൾ കാണത്തക്കവിധം പ്രദർശിപ്പിക്കണം.
സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുകയോ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയോ ചെയ്താൽ 155300 (BSNL) എന്ന ടോൾഫ്രീ നമ്പറിൽ പരാതി അറിയിക്കാം.
വസ്തു ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ KSEB വസ്തുവിൽ സ്റ്റേ വയർ സ്ഥാപിച്ചാൽ, ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് സെക്ഷൻ 17 (1) പ്രകാരം, വസ്തു ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാതെ ഇലക്ട്രിസിറ്റി ലൈൻ നീക്കി സ്ഥാപിക്കുകയോ മാറ്റുകയോ ചെയ്യേണ്ടതാണ്.
അതിർത്തി കല്ലുകൾ നഷ്ടപ്പെട്ടുപോവുകയും എതിർകക്ഷികൾ കയ്യേറി അവകാശം ഉന്നയിക്കുകയും ചെയ്താൽ, താലൂക്ക് സർവ്വെയർക്ക് അപേക്ഷ നൽകി ഫീസ് ഒടുക്കുന്ന മുറയ്ക്ക് സ്ഥലം അളന്ന് അതിർത്തി നിർണ്ണയിച്ചു നൽകുന്നു.
മരങ്ങൾ ജീവനും സ്വത്തിനും ഭീഷണിയാണെങ്കിൽ മരം വെട്ടിമാറ്റാൻ സെക്രട്ടറിക്ക് നോട്ടീസ് കൊടുക്കാൻ വർഗീസ് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചെങ്കിലും, നിയമപ്രകാരം തീരുമാനമെടുക്കേണ്ടത് പഞ്ചായത്ത് ഭരണസമിതിയാണ്, സെക്രട്ടറിക്ക് വിവേചനാധികാരം ഇല്ല.
റോഡ് സംരക്ഷണ സമിതിക്ക് പഞ്ചായത്തിന്റെ എസ്റ്റിമേറ്റ് നിരക്കിൽ എല്ലാ വർഷവും റോഡിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത് നടത്താം.
റോഡ് സംരക്ഷണ സമിതിക്ക് റോഡുകളിലെ കയ്യേറ്റങ്ങളോ അനധികൃത നിർമ്മാണങ്ങളോ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും നടപടിയെടുപ്പിക്കാനും അധികാരമുണ്ട്.
ഒഴിഞ്ഞുകിടക്കുന്ന വീടുകളും വളപ്പുകളും ഇഴജന്തുക്കൾക്കും ക്ഷുദ്രജീവികൾക്കും വാസസ്ഥലമാവുകയാണെങ്കിൽ, മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകാം. കേരള മുനിസിപ്പൽ നിയമം 426, 427, 428, 430 വകുപ്പുകൾ പ്രകാരം കാട് വെട്ടി വൃത്തിയാക്കാൻ ഉടമയോട് ഉത്തരവിടാൻ സെക്രട്ടറിക്ക് അധികാരമുണ്ട്.
പുഴയിൽ ഒഴുകിയെത്തുന്ന മരത്തടിക്കുള്ള അവകാശം മറ്റാരും തെളിവ് സഹിതം സ്ഥാപിച്ചെടുത്തില്ലെങ്കിൽ സർക്കാരിൽ നിക്ഷിപ്തമായിരിക്കും (കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 42 പ്രകാരം).
പഞ്ചായത്തിലെ ആസ്തി രജിസ്റ്ററിൽ പൊതു സ്ഥലങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നു. റോഡുകളുടെ തുടക്കം, അവസാനം, പേര്, നീളം, വീതി, തരം, നിർമ്മാണ വർഷം, സംരക്ഷണഭിത്തി, കാന, അറ്റകുറ്റപ്പണി വിവരങ്ങൾ, വാർഡ് നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
ടെൻഡർ രേഖകളിലെയും ആസ്തി രജിസ്റ്ററിലെയും വിവരങ്ങൾ വോട്ടർമാർക്ക് ഒത്തുനോക്കാം.
പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിരീക്ഷകരായി പൊതുജനങ്ങൾക്ക് പ്രവേശിക്കാനുള്ള അവകാശമുണ്ട്.
പഞ്ചായത്ത് പദ്ധതികൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോൾ അർഹതാ മാനദണ്ഡങ്ങൾ പാലിക്കുകയും ഗ്രാമസഭ അംഗീകരിക്കുകയും വേണം.

വാഹനാപകടത്തിൽ ഇലക്ട്രിക് പോസ്റ്റിന് നഷ്ടമുണ്ടായാൽ

45

മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 165,166 പ്രകാരം, നിലവിൽ തേർഡ് പാർട്ടി ഇൻഷുറൻസുള്ള, വാഹനം അപകടത്തിൽ പ്പെടുകയും നാശ നഷ്ടങ്ങൾ മൂന്നാം കക്ഷിക്ക് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കേണ്ട ഉത്തരവാദിത്വം ഇൻഷുറൻസ് കമ്പനിക്കാണ്. അപകടം നടന്നതിനുശേഷം, ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം അറിയിക്കേണ്ട ഉത്തരവാദിത്വം വാഹന ഉടമയ്ക്കുണ്ട്. മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന നഷ്ടം ഏതെങ്കിലും രീതിയിൽ വകയിരുത്തുവാൻ ഇൻഷുറൻസ് കമ്പനിയുടെ രേഖാമൂലമുള്ള നിർദ്ദേശമില്ലാതെ വാഹന ഉടമ തയ്യാറാകരുത്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ

46

ഉടമയിൽ നിന്ന് പ്രതിഫലം കൈപ്പറ്റി ആകർഷകമായ പരസ്യ വാചകങ്ങളും, വാചക കസർത്തുകളും നൽകി സാധാരണക്കാരായ ആളുകളെ പ്രലോഭിച്ച് ഹോട്ടലുകളിൽ എത്തിപ്പിക്കുന്ന ബ്ലോഗർമാർ, ഇല്ലാത്ത അവകാശവാദങ്ങൾ നിരത്തി മരുന്നുകൾ വാങ്ങിപ്പിക്കുന്ന ഇൻഫ്ലുൻസർസ് എന്നിവർക്കെതിരെ ഉപഭോക്താക്കൾ കൺസ്യൂമർ കേസ് കൊടുത്താൽ, അവർ വെട്ടിലാകും. 2024 ലെ പതാഞ്ജലി കേസിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്ന ആളുകൾക്കെതിരെസുപ്രീം കോടതി ശക്തമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചില ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ സ്വീകരിക്കുന്ന അവകാശവാദങ്ങൾ ഉപഭോക്ത നിയമത്തിനും, ഡ്രഗസ് ആൻഡ് മാജിക്കൽ റെമഡീസ് ആക്ട് എന്നിവയ്ക്കെതിരെയാണ്. 'കേശമോഹിനി' വെളിച്ചെണ്ണ ഉപയോഗിച്ചാൽ മുടി വളരും, 'ശൃംഗാര ലേഹ്യം' കഴിച്ചാൽ 80 വയസ്സിലും ചെറുപ്പമായിരിക്കും എന്നൊക്കെയുള്ള അവകാശവാദങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചില ഓർഗാനിക് ഉൽപ്പന്നങ്ങൾ, ആരോഗ്യത്തിന് നല്ലതാണെന്നും, ചില ആശുപത്രികളിലെ ഡോക്ടർമാർ നിന്ന് നിൽപ്പിൽ രോഗം മാറ്റും എന്നൊക്കെയുള്ള അവകാശവാദങ്ങൾ വച്ചു വിളമ്പുന്ന ബ്ലോഗേഴ്സ് സൂക്ഷിക്കണം. ഉപഭോക്താ ക്താക്കൾക്ക് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ പ്രൊമോട്ട് ചെയ്യുന്ന വ്യക്തി അർഹമായ നഷ്ടപരിഹാരം നൽകേണ്ടിവരും...

ഹോട്ടലിനെയും ഭക്ഷ്യ ഉൽപ്പന്നങ്ങളെയും പ്രമോട്ട് ചെയ്യുന്ന വ്യക്തികളും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ബ്ലോഗേഴ്സ് ഉദ്ധരിക്കുന്ന വാചകങ്ങളെ കണ്ണുമടച്ച് വിശ്വസിച്ചു ഭക്ഷണം കഴിച്ചതിനുശേഷം പ്രതീക്ഷിച്ചത്ര ഗുണമേന്മ ഇല്ലായെ ന്ന് തെളിയിക്കാൻ കഴിഞ്ഞാൽ, നഷ്ടപരിഹാരം നൽകി നൽകി പോക്കറ്റ് കാലിയാകും. മാത്രവുമല്ല കോടതി കയറിയിറങ്ങി നല്ല കാലം കോടതി വരാന്തയിൽ കഴിയേണ്ടിയും വരും. കഷ്ടകാലത്തിന് പണം കൊടുത്ത് ഭക്ഷണം വാങ്ങി കഴിച്ച ഉപഭോക്താവിന് ഏതെങ്കിലും രീതിയിലുള്ള ഭക്ഷ്യവിഷബാധ ഉണ്ടായാൽ പ്രശ്നം ഗുരുതരമാകും... അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഹോട്ടലുകളിൽ പോകുമ്പോൾ ഉപഭോക്താക്കൾ ബില്ല് സൂക്ഷിക്കുവാൻ മറക്കരുത്..... ഒരു മുൻകരുതൽ നമുക്കും വേണ്ടേ!!!

മെഡിസെപ് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാം.

47

എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവിന് എതിരായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനിയുടെ ഹര്‍ജി തള്ളി സംസ്ഥാന കമ്മീഷന്‍.

കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്ബനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കാതെ നേരിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ക മ്മീഷന്റെ ഉത്തരവ് ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന കമ്മീഷന്‍ തള്ളിക്കളഞ്ഞത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പുമായി ബന്ധപ്പെട്ട പരാതികള്‍, സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്ബനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തില്‍ പരിഹാരമായില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കാന്‍ സാധിക്കു എന്ന നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ കമ്മീഷന്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനി നല്‍കിയ അപ്പീല്‍ സമര്‍പ്പിച്ചത്.

മെഡിസെപ്പ് പ്രകാരം ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചില്ലെന്ന എറണാകുളം കറുകപ്പിള്ളി സ്വദേശിയും റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുമായ സി.ഡി ജോയിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ 2 മീഷനില്‍ നല്‍കിയ പരാതിയില്‍ സര്‍ക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തില്‍ പോകാതെ തന്നെ നേരിട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ല എന്ന് ഇന്‍ഷുറന്‍സ് കമ്ബനി വാദം ഉയര്‍ത്തി.
ഈ വാദം നിരാകരിച്ച എറണാകുളം ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വച്ചുകൊണ്ടാണ് സംസ്ഥാന കമ്മീഷന്‍ പ്രസിഡണ്ട് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ അംഗം ഡി. അജിത് കുമാര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്‍കിയത്.

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം വകുപ്പ് 100 പ്രകാരം ഏതൊരു ഉപഭോക്താവിനും സേവനത്തിലെ ന്യൂനതയും അധാര്‍മിക വ്യാപാര രീതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപഭോക്തൃ കോടതികളെ സമീപിക്കാം എന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി.

സിനിമാ തിയേറ്ററിൽ വിൽക്കുന്ന പോപ് കോണിന് അധിക വില ഈടാക്കാമോ?

48

ലീഗൽ മെട്രോളജി ആക്ട്, പാക്കേജ്ഡ് കമോഡിറ്റീസ് റൂൾസ്‌ എന്നിവ പ്രകാരം പാക്ക് ചെയ്തിട്ടുള്ള ഉൽപ്പന്നങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള എം ആർ പി യെക്കാളും കൂടുതൽ വില വാങ്ങിയാൽ മാത്രമേ നടപടി എടുക്കുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഫ്രഷ് പോപ്കോൺ എന്ന പേരിൽ പാക്ക് ചെയ്യാതെ പോപ്കോൺ സിനിമ തിയേറ്ററിൽ കൂടുതൽ വിലയ്ക്ക് നൽകുന്നത്. പോപ്ക്കോൺ പാക്കറ്റിൽ നൽകാതെ ഫ്രഷ് ഐറ്റം എന്ന ലേബലിൽ കൂടുതൽ വിലയ്ക്ക് നൽകിയാൽ നിയമപ്രകാരം നടപടിയെടുക്കുവാൻ സാധിക്കുകയില്ല. എന്നാൽ സിനിമാ തിയറ്ററുകളിൽ വിൽക്കുന്ന pre pack ചെയ്ത ഉൽപ്പന്നങ്ങളിൽ രേഖപ്പെടുത്തിയ വിലയെക്കാളും കൂടുതൽ വില വാങ്ങിയാൽ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റിന് നടപടിയെടുക്കുവാൻ സാധിക്കും....

ഓണക്കാലത്ത് കടകളിൽ വിൽക്കുന്ന പാക്ക് ചെയ്ത ഉപ്പേരി, ശർക്കരവരട്ടി മുതലായ സാധനങ്ങളുടെ പാക്കറ്റിനു മുകളിൽ എം ആർ പി, fssai അനുശാസിക്കുന്ന വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയില്ലെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാം.

സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന സാധനങ്ങളുടെ പാക്കറ്റിന് മുകളിൽ MRP, തൂക്കം, ഉൽപാദകന്റെ മേൽവിലാസം, ഉൽപാദന തീയതി എന്നിവ നിർബന്ധമായി ഉണ്ടായിരിക്കണം.
സാധനങ്ങൾ വാങ്ങിയതിനു ശേഷം ബില്ല് നിർബന്ധമായി സൂക്ഷിക്കുക...

ബൈക്ക് തുടർച്ചയായി തകരാറിലായി

49

ബൈക്ക് തുടർച്ചയായി തകരാറിലായി, എക്സ്റ്റൻഡഡ് വാറന്റിയും മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും നൽകണം*

പുതിയതായി വാങ്ങിയ ബൈക്ക് തുടർച്ചയായി എൻജിൻ തകരാർ മൂലം ഉപയോഗിക്കാൻ കഴിയാത്തതിന് മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും, ആറുമാസം എക്സ്റ്റൻഡഡ് വാറന്റിയും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

പെരുമ്പാവൂർ, റയൺപുരം, സ്വദേശി എ.പി സോമശേഖരൻ, ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡ്, തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന പാലാൽ മോട്ടോഴ്സ് എന്നിവർക്ക് എതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

2021 സെപ്റ്റംബർ മാസത്തിലാണ് ₹82,400/- രൂപയ്ക്ക് പാലാൽ മോട്ടോഴ്സിൽ നിന്ന് ഹീറോ ഗ്ലാമർ ബൈക്ക് വാങ്ങിയത്. അന്നു മുതൽക്കേ ആവർത്തിച്ചുള്ള തകരാറുകൾ ഉണ്ടായെന്നും, ഇത് പരിഹരിക്കാൻ സർവീസ് സെന്ററുകൾക്ക് കഴിഞ്ഞില്ലെന്നും എഞ്ചിൻ തകരാറുകൾക്ക് കാരണം നിർമ്മാണത്തിലെ പിഴവാണെന്നും പരാതിയിൽ പറയുന്നു.

വാഹനങ്ങൾ ഗുണനിലവാര പരിശോധനകൾക്കും റോഡ് ടെസ്റ്റിനും ശേഷമാണ് വിതരണം ചെയ്യുന്നതെന്നും, തങ്ങളുടെ പരിശോധനയിൽ നിർമ്മാണ ദോഷമൊന്നും കണ്ടെത്താനായില്ലെന്നും എതിർകക്ഷികൾ കോടതിയിൽ വാദിച്ചു. രണ്ടാമത്തെ സർവീസിനിടെ ഡിഫെക്ടീവ് ഫ്യൂവൽ പമ്പ് അസംബ്ലി സൗജന്യമായി മാറ്റി നൽകിയെന്നും അതിനുശേഷം പരാതിക്കാരൻ ഒരു തകരാറും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ അറിയിച്ചു.
വാങ്ങിയ ഉടൻതന്നെ തുടർച്ചയായി ബൈക്കിന് തകരാറുകൾ സംഭവിക്കുന്നതും ബൈക്കിന് തകരാറ് ഉണ്ടെന്ന് കോടതി നിയോഗിച്ച എക്സ്പെർട്ട് റിപ്പോർട്ടും കോടതി പരിഗണിച്ചു.

എതിർകക്ഷികൾ പരാതിക്കാരന്റെ ബൈക്ക് തകരാറുകളില്ലാത്ത അവസ്ഥയിലാക്കി ആറുമാസത്തെ എക്സ്റ്റൻഡഡ് വാറന്റിയും നൽകണം. കൂടാതെ, കൂടാതെ മാനസികമായി ബുദ്ധിമുട്ടിച്ചതിനും കോടതി ചെലവിനത്തിലും 30,000/- രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനകം നൽകണമെന്നും ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബഞ്ച് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക വർദ്ധിപ്പിക്കുകയാണെങ്കിൽ

50

നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക വർദ്ധിപ്പിക്കുകയാണെങ്കിൽ ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ടോ?

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് ഭാവിയിൽ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത ചികിത്സ ചിലവുകൾക്ക് തടയിടുവാനാണ്. തന്റെ വരുമാനത്തിന്റെ തോതനുസരിച്ചാണ് പലരും ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത്. ഒരിക്കൽ പോളിസി എടുത്തു കഴിഞ്ഞാൽ അപ്രതീക്ഷിതമായ പ്രീമിയം വർദ്ധനവ് പലരുടെയും ബഡ്ജറ്റിന്റെ താളം തെറ്റിക്കും.. 10,000/ രൂപ വാർഷിക പ്രീമിയത്തിൽ എടുത്തിരിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ റിന്യൂവൽ തുക അപ്രതീക്ഷിതമായി അഞ്ചിരട്ടിയൊക്കെ വർദ്ധിപ്പിച്ച് 50,000 രൂപ ആക്കുന്നത് ചോദിക്കാനും പറയാനും ആരുമില്ലായെ ന്നുള്ളതുകൊണ്ടാണ്.

നിയമമനുസരിച്ച് IRDA അനുമതിയോടുകൂടി കമ്പനികൾക്ക് പ്രീമിയം വർദ്ധിപ്പിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ പ്രീമിയം വർധിപ്പിക്കുമെന്ന് ഇൻഷുറൻസ് എടുത്തിട്ടുള്ള വ്യക്തിയെ മുൻകൂട്ടി മൂന്നുമാസം മുമ്പ്തന്നെ അറിയിക്കേണ്ട ഉത്തരവാദിത്വം കമ്പനിക്കുണ്ട്... അതാണ് നിയമം. അതല്ലാതെ പോളിസി പുതുക്കേണ്ട തീയതിയുടെ 10 ദിവസം മുമ്പ് പ്രീമിയം വർധിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നത് നിയമവിരുദ്ധമാണ്.

ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർദ്ധിപ്പിക്കുവാൻ പോകുന്നുണ്ടെന്ന വിവരം കാലേക്കൂട്ടി ഉപഭോക്താക്കളെ അറിയിക്കില്ല. കാരണം വർദ്ധനവിനെ കുറിച്ചുള്ള മുൻകൂർ അറിവ് ലഭിച്ചാൽ അവർ മറ്റു കമ്പനികളിലേക്ക് തങ്ങളുടെ ഇൻഷുറൻസ് പോർട്ട് ചെയ്യും. കമ്പനിയുടെ കസ്റ്റമേഴ്സ് നഷ്ടമാവും.

ഒന്നോർക്കുക നിലവിലുള്ള ഇൻഷുറൻസ് കമ്പനിയുടെ പ്രീമിയം പുതുക്കുന്നതിന് 45 ദിവസം മുമ്പ് വേണമെങ്കിൽ പ്രീമിയം തുക കുറഞ്ഞ മറ്റു ഇൻഷുറൻസ് കമ്പനികളിലേക്ക് നിങ്ങളുടെ നിലവിലെ പോളിസി port ചെയ്യുവാൻ സാധിക്കും.. ഇത്തരമൊരു സംവിധാനം ഉള്ളതുകൊണ്ട് പ്രീമിയം തുക കൂട്ടുന്നുവെന്ന വിവരം കമ്പനികൾ ഉപഭോക്താക്കളെ കാലേകൂട്ടി അറിയിക്കില്ല.

മുൻകൂർ വിവരം നൽകാതെ, വലിയ തുകയ്ക്ക് പോളിസി പുതുക്കുവാൻ നിർബന്ധിതരാകുന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി ഉപഭോക്ത കോടതിയെ സമീപിക്കാം. കാരണം ഇൻഷുറൻസ് കമ്പനി പിന്തുടർന്നത് തെറ്റായ വ്യാപാര തന്ത്രമാണ്.
മുതിർന്ന പൗരന്മാർ എടുത്തിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം തുക 10 ശതമാനത്തിൽ കൂടുതൽ വർദ്ധിപ്പിക്കരുതെന്ന് ഇപ്പോൾ നിയമവുമുണ്ട്...

ലാപ് ടോപ്പിനു പകരം ടീ ഷർട്ട് നൽകി

51

ലാപ്ടോപ്പ് വാങ്ങുന്നതിനായി നൽകിയ ഓൺലൈൻ ഓർഡറിൽ വിലകുറഞ്ഞ ടീഷർട്ട് ലഭ്യമാക്കിയ ഇ- കൊമ്മേഴ്‌സ് സ്ഥാപനമായ PayTM Mall 49000/- ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

എറണാകുളം പെരുമ്പാവൂർ സ്വദേശിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സയന്റിസ്റ്റുമായ ഡോ. ജിജോ അന്ന ഗീവർഗീസ്, PayTM e- Commerce നെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2021 ജൂൺ മാസത്തിലാണ് പരാതിക്കാരൻ ലെനോവോ കമ്പനിയുടെ ലാപ്ടോപ്പ് വാങ്ങാൻ ഓർഡർ നൽകിയത്. എന്നാൽ എതിർകക്ഷി സ്ഥാപനം ലാപ്ടോപ്പിന് പകരമായി ഗുണനിലവാരം കുറഞ്ഞ ടീഷർട്ട് ആണ് നൽകിയത്.

ഫോട്ടോഗ്രാഫ് ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം എതിർക്കക്ഷി കസ്റ്റമർ കെയറിനെ സമീപിച്ചെങ്കിലും തിരിച്ചെടുക്കൽ അപേക്ഷ മതിയായ കാരണം കാണിക്കാതെ നിരസിക്കുകയാണ് ഉണ്ടായത്.

ഇ - കൊമോഴ്സ് സ്ഥാപനത്തിനു നൽകുന്ന പരാതികൾ 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് (Acknowledgement) നൽകേണ്ടതും, ഒരു മാസത്തിനകം പരാതിയിൽ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടം എതിർകക്ഷികൾ ലംഘിച്ചുവെന്ന് കമ്മീഷൻ വിലയിരുത്തി.

2020ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഇ കൊമേഴ്സ് ചട്ടപ്രകാരം , വാങ്ങുന്ന ഉൽപ്പന്നത്തെക്കുറിച്ച് കൃത്യമായ വിവരവും സുതാര്യമായ നടപടിക്രമങ്ങളും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള ബാധ്യത എതിർകക്ഷികൾക്കുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

തെറ്റായതും വില കുറഞ്ഞതുമായ ഉൽപ്പന്നം നൽകിയെന്ന പരാതി സമയബന്ധിതമായി പരിഹരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് എതിർകക്ഷി സ്ഥാപനം വരുത്തിയത് എന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വിലയിരുത്തി.

ലാപ്ടോപ്പിന്റെ വിലയായി പരാതിക്കാരൻ നൽകിയ 28,990 രൂപ തിരിച്ചു നൽകണമെന്നും 15,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും എതിർ കക്ഷികൾക്ക് കോടതി ഉത്തരവ്നൽകി.

പുതിയ നിയമം ചേർക്കുക